ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

നോട്ടിംഗ്ഹാം: വിശ്വാസ തീക്ഷ്ണതയില്‍ കനത്ത മഴയെ അവഗണിച്ചെത്തിയ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ ഡെര്‍ബി സെന്റ് ഗബ്രിയേല്‍, നോട്ടിംഗ്ഹാം സെന്റ് ജോണ്‍സ് സീറോ മലബാര്‍ മിഷനുകള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. വൈകിട്ട് 6.30 നു നോട്ടിംഗ്ഹാമിലുള്ള ഗുഡ് ഷെപ്പേര്‍ഡ് ദൈവാലയത്തില്‍ നടന്ന മിഷന്‍ ഉദ്ഘാടനത്തിനും വി. കുര്‍ബാനക്കും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ബിഷപ് ജോസഫ് സ്രാമ്പിക്കല്‍, നോട്ടിങ്ഹാം രൂപത ബിഷപ്പ് പാട്രിക് ജോസഫ് മക്കിനി, വികാരി ജനറാള്‍ സജിമോന്‍ മലയില്‍പുത്തന്പുരയില്‍, കാനന്‍ ആന്റണി ഡോളന്‍, ഫാ. ജോര്‍ജ്ജ് തോമസ് ചേലക്കല്‍, ഫാ. വില്‍ഫ്രഡ് പെരേപ്പാടന്‍, ഫാ. ഫാന്‍സ്വാ പത്തില്‍, പ്രീസ്‌റ് ഇന്‍ ചാര്‍ജ്, ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ബാര്‍ട്ടന്‍ ഓണ്‍ ട്രെന്‍ഡും ഡെര്‍ബിയും ഒന്നിച്ചു ചേര്‍ന്ന് ഡെര്‍ബി സെന്റ് ഗബ്രിയേല്‍ മിഷനും വര്‍ക്സോപ്, ക്ലേ ക്രോസ്സ്, മാന്‍സ്ഫീല്‍ഡ്, നോട്ടിങ്ഹാം എന്നിവ ഒന്നിച്ചുചേര്‍ന്നു നോട്ടിംഗ്ഹാം സെന്റ് ജോണ്‍സ് എന്നിവയാണ് ഇന്നലെ മിഷന്‍ തലത്തിലേക്ക് ഉയര്‍ന്നത്. പ്രതികൂല കാലാവസ്ഥയും സാധാരണ ജോലിദിവസത്തിന്റെ മടുപ്പും അവഗണിച്ചും സ്‌കാന്‍തോര്‍പ്പ്, ബോസ്റ്റണ്‍, ഡെര്‍ബി, മാന്‍സ്ഫീല്‍ഡ്, ക്ലേ ക്രോസ്സ്, ബര്‍ട്ടന്‍ ഓണ്‍ ട്രെന്‍ഡ്, വര്‍ക്സോപ്, നോട്ടിങ്ഹാം എന്നിവിടങ്ങളില്‍ നിന്നും നിരവധിയാളുകള്‍ ചരിത്രനിമിഷങ്ങള്‍ക്കു സാക്ഷികളാകാനെത്തി. ദൈവം നമ്മളില്‍ നിന്നാഗ്രഹിക്കുന്ന വിശുദ്ധീകരണത്തിനായി ദൈവം ഒരുക്കിത്തരുന്ന വഴിയായിട്ടാണ് മിഷനേയും അതിലൂടെയുള്ള സജീവ പ്രവര്‍ത്തനത്തെയും കാണേണ്ടതെന്നു വചനസന്ദേശത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. നോട്ടിംഗ്ഹാമിലുള്ള സീറോ മലബാര്‍ വിശ്വാസികളുടെ വിശ്വാസജീവിതവും ദൈവികകാര്യങ്ങളിലുള്ള താല്പര്യവും മാതൃകാപരമാണെന്നും അനുകരണീയമാണെന്നും ആശംസയര്‍പ്പിച്ചു സംസാരിച്ച നോട്ടിങ്ഹാം ബിഷപ്പ് പാട്രിക് ജോസഫ് മക്കിനിയും പറഞ്ഞു.

തിരുക്കര്‍മ്മങ്ങളുടെ തുടക്കത്തില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട് എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. തുടര്‍ന്ന് നടന്ന ഡിക്രി വായനകള്‍ക്ക് വികാരി ജനറാള്‍ റെവ. ഫാ. സജിമോന്‍ മലയില്‍പുത്തന്പുരയില്‍, റെവ. ഫാ. ജോര്‍ജ്ജ് തോമസ് ചേലക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിശ്വാസികള്‍ ആദരപൂര്‍വം എഴുന്നേറ്റുനിന്നു ഡിക്രി വായിച്ചുകേട്ടു. ഡിക്രി വായനയുടെ സമാപനത്തില്‍ വി. ഗബ്രിയേല്‍, വി. ജോണ്‍ എന്നീ മിഷന്‍ മധ്യസ്ഥരുടെ ഐക്കണ്‍ ചിത്രത്തിന്റെ അനാച്ഛാദനം, നിലവിളക്കു തെളിച്ചു ഉദ്ഘാടനം എന്നിവ നടന്നു. തുടര്‍ന്ന് നടന്ന ആഘോഷമായ വി. കുര്‍ബാനയുടെ സമാപനത്തില്‍, മിഷന്‍ മധ്യസ്ഥരായ വി. ഗബ്രിയേല്‍, വി. ജോണ്‍ എന്നിവര്‍ക്ക് സഭയിലുള്ള പ്രാധാന്യത്തെപ്പറ്റി വിവരണം നല്‍കപ്പെട്ടു. സ്‌നേഹവിരുന്നില്‍ പങ്കുചേര്‍ന്നു മിഷന്‍ പ്രഖ്യാപനത്തിന്റെ സന്തോഷം വിശാസികള്‍ പങ്കുവച്ചു. നോട്ടിങ്ഹാം കത്തീഡ്രല്‍ ഡീന്‍ റെവ. ഫാ. മലാക്കി ബ്രെറ്റ്, അസിസ്റ്റന്റ് വികാരി റെവ. ഫാ. ജോണ്‍ അലക്‌സ് എന്നിവരും ചടങ്ങുകളില്‍ പങ്കുചേര്‍ന്നു.

ഇന്ന് ഇപ്സ്വിച്ചും നോര്‍വിച്ചും മിഷനുകളായി പ്രഖ്യാപിക്കപ്പെടും. തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന ദൈവാലയത്തിന്റെ അഡ്രസ്: സെന്റ് മേരീസ് കത്തോലിക്ക ചര്‍ച്,(322 , Woodbridge Road, Ipswich, IP4 4BD). പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റെവ. ഫാ. തോമസ് പാറക്കണ്ടത്തിന്റെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏവരെയും തിരുക്കര്‍മ്മങ്ങളിലേക്കു സ്വാഗതം ചെയ്യുന്നു.