ഗുണനിലവാരം കുറഞ്ഞ ഗ്ലൗസുകള്‍ ഉപയോഗിച്ചതിലൂടെ നഴ്‌സിന് മങ്കിപോക്‌സ് പകര്‍ന്നതായി സംശയം. എന്‍എച്ച്എസ് ആശുപത്രികളില്‍ ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്ന ഗ്ലൗസുകളുടെ ഗുണനിലവാരം സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ് ഈ സംഭവം. ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലെ നഴ്‌സായ 40 കാരിക്ക് രോഗിയുടെ ബെഡ്ഡിംഗ് മാറ്റുന്നതിനിടെ വൈറസ് ബാധയുണ്ടായി എന്നാണ് കരുതുന്നത്. ഇവര്‍ ധരിച്ചിരുന്ന വളരെ ചെറിയ ഗ്ലൗസിന് രോഗാണുക്കളില്‍ നിന്ന് സംരക്ഷണം നല്‍കാനുള്ള കഴിവുണ്ടായിരുന്നോ എന്ന സംശയമാണ് ഉയരുന്നത്. 50 വയസുള്ള ഇവരുടെ ഭര്‍ത്താവും രോഗബാധിതനായെന്നാണ് റിപ്പോര്‍ട്ട്. ലങ്കാഷയറിലെ ഫ്‌ളീറ്റ് വുഡ് സ്വദേശിനിയായ ഈ നഴ്‌സ മങ്കിപോക്‌സ് ബാധ സ്ഥിരീകരിക്കപ്പെടുന്ന യുകെയിലെ മൂന്നാമത്തെ ആളാണ്.

യുകെയില്‍ രോഗം മറ്റൊരാളിലേക്ക് പടര്‍ന്നതും ആദ്യമായാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാരകമായ മങ്കിപോക്‌സ് വൈറസില്‍ നിന്ന് ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് എന്‍എച്ച്എസ് നേതൃത്വം പറയുന്നത്. എന്നാല്‍ ഇത് അസംബന്ധമാണെന്ന് രോഗബാധിതയായ നഴ്‌സ് സഹപ്രവര്‍ത്തകരോട് പറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. ബെഡ്ഷീറ്റ് മാറുമ്പോള്‍ ഉപയോഗിച്ചിരുന്ന ഗ്ലൗസ് വളരെ ചെറുതായിരുന്നുവെന്നും അതിന് കൈപ്പത്തി പൂര്‍ണ്ണമായും മൂടാന്‍ പോലും വലിപ്പമില്ലായിരുന്നതിനാല്‍ തന്റെ ജോലിക്കിടെ തന്റെ ത്വക്കിലേക്ക് വൈറസ് പ്രവേശിച്ചിരിക്കാനാണ് സാധ്യതയെന്നും അവര്‍ തന്റെ സുഹൃത്തിനോടു പറഞ്ഞെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബയോഹസാര്‍ഡ് വേഷങ്ങള്‍ അണിഞ്ഞ ആശുപത്രി ജീവനക്കാരാണ് ഇവരെ പരിചരിക്കുന്നത്. ചൊവ്വാഴ്ചയാണ് മങ്കിപോക്‌സ് ലക്ഷണങ്ങളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂകാസില്‍ വിക്ടോറിയ ഇന്‍ഫേമറിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരെ ബുധനാഴ്ച രാത്രി സ്‌പെഷ്യലിസ്റ്റ് യൂണിറ്റിലെ ഐസോലേഷനിലാണ് കിടത്തിയത്. യുകെയില്‍ സ്ഥിരീകരിക്കപ്പെട്ട രണ്ട് മങ്ക്‌പോക്‌സ് രോഗികളെയും ഇവിടെയാണ് ചികിത്സിച്ചത്. നൈജീരിയയില്‍ നിന്നാണ് ഇവര്‍ക്ക് രണ്ടുപേര്‍ക്കും രോഗം ബാധിച്ചത്.