റമദാന്‍ വ്രതശുദ്ധിക്ക് ശേഷം സംസ്ഥാനത്ത് ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കൊവിഡ് വ്യാപനവും അതേതുർന്നുള്ള ലോക്ക്ഡൗൺ മൂലവും ആഘോഷമില്ലാതെയാണ് ഇത്തവണത്തെ ചെറിയ പെരുന്നാൾ. പ്രധാന ചടങ്ങായ പെരുന്നാള്‍ നമസ്‌കാരം വീടുകളിലൊതുങ്ങുമെങ്കിലും ആഘോഷത്തിന് പൊലിമ കുറയാതെ നോക്കുകയാണ് വിശ്വാസികള്‍.

പെരുന്നാള്‍ ദിനത്തില്‍ ലോക്ക്ഡൗണിന് ഇളവ് നല്‍കിയെങ്കിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. ‌ ഇത്തവണ റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിന് ഒരുങ്ങുന്നത്. കൊവിഡ് നിയന്ത്രണം പാലിച്ചായിരുന്നു ഈ നോമ്പ് കാലം. പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങള്‍ വാങ്ങാനാണ് വിശ്വാസികള്‍ വീടിന് പുറത്തിറങ്ങിയത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയര്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസ നേര്‍ന്നു. മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്വര്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ കൊവിഡ് കാലത്ത് രോഗബാധയോട് പൊരുതി നില്‍ക്കുന്ന ലോകത്തെമ്പാടുമുള്ള കേരളീയര്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസകള്‍.

മനുഷ്യര്‍ സ്‌നേഹിക്കുകയും പരസ്പരം വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് ഒരുമയോടെ മുന്നേറാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടേയെന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പിണറായിയുടെ ആശംസ.