ആംബുലൻസ് കിട്ടാത്തതിനാൽ മൂന്നുവയസ്സുകാരന്റെ മൃതദേഹം പിതാവ് സർക്കാർ ആശുപത്രിയിൽ നിന്നു വീട്ടിലെത്തിച്ചത് വഴിയാത്രക്കാരന്റെ ബൈക്കിൽ. ആനേക്കൽ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അസം സ്വദേശികളായ ദമ്പതികളുടെ മകൻ റഹിം ആണ് മുറ്റത്തു കളിച്ചുകൊണ്ടിരുന്നതിനിടെ ബൈക്കിടിച്ച് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടർന്ന് മൃതദേഹവുമായി പിതാവ് പുറത്തിറങ്ങിയെങ്കിലും ആംബുലൻസ് കിട്ടാതെ വന്നതോടെ ഇതുവഴി വന്ന ബൈക്ക് യാത്രികന്റെ സഹായം തേടുകയായിരുന്നു. ദൃക്‌സാക്ഷികളിൽ നിന്നുള്ള വിവരമനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മൃതദേഹം വീണ്ടും ആശുപത്രിയിൽ എത്തിച്ചു. തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

സംഭവത്തിൽ ആശുപത്രി അധികൃതർക്കു വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നതോടെ വി.എസ്. ഉഗ്രപ്പയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം അപകട സ്ഥലവും ആശുപത്രിയും സന്ദർശിച്ചു. അപകടമരണം യഥാസമയം പൊലീസിൽ റിപ്പോർട്ട് ചെയ്തില്ല, ആംബുലൻസ് സൗകര്യം ഒരുക്കിയില്ല, ആശുപത്രിയിൽ വേണ്ടത്ര സെക്യൂരിറ്റി ജീവനക്കാരെ ഏർപ്പെടുത്തിയില്ല, സിസി ക്യാമറകൾ സ്ഥാപിച്ചില്ല തുടങ്ങി ഒട്ടേറെ വീഴ്ചകൾ ആശുപത്രിക്കു സംഭവിച്ചതായും കണ്ടെത്തി.

ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും താലൂക്ക് ഹെൽത്ത് ഓഫിസർ ഡോ. ജ്ഞാനപ്രകാശിനെ സസ്പെൻഡ് ചെയ്യാൻ ജില്ലാ ഹെൽത്ത് ഓഫിസർക്കു നിർദേശം നൽകിയെന്നും വി.എസ്. ഉഗ്രപ്പ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാനുള്ള വിദഗ്ധ സമിതി അധ്യക്ഷനാണ് അദ്ദേഹം.

കുട്ടിയെ ഇടിച്ച ശേഷം നിർത്താതെ പോയ ബൈക്ക് യാത്രികനായി അന്വേഷണം തുടങ്ങിയെന്ന് ബെംഗളൂരു റൂറൽ എസ്പി അമിത് സിങ് പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന ആരോപണത്തിന് ആക്കം കൂട്ടുന്ന രണ്ടാമത്തെ സംഭവമാണിത്. തുമകൂരു കോടിഗെനഹള്ളി സർക്കാർ ആശുപത്രിയിൽ ചികിൽസയ്ക്കിടെ മരിച്ച മകളുടെ മൃതദേഹം പിതാവ് മോപ്പഡിൽ വീട്ടിലെത്തിച്ച സംഭവം രണ്ടുമാസം മുൻപാണുണ്ടായത്.