ഈ വിജയം അച്ഛനുവേണ്ടി ; ഗുണ്ടകള്‍ കൊലപ്പെടുത്തിയ പിതാവിന്റെ സ്വപ്‌നം 25 വര്‍ഷത്തിനു ശേഷം നിറവേറ്റി മകള്‍ !

ഈ വിജയം അച്ഛനുവേണ്ടി ; ഗുണ്ടകള്‍ കൊലപ്പെടുത്തിയ പിതാവിന്റെ സ്വപ്‌നം 25 വര്‍ഷത്തിനു ശേഷം നിറവേറ്റി മകള്‍ !
October 18 06:27 2017 Print This Article

പിതാവിനെ ഗുണ്ടകള്‍ വെടിവച്ച് കൊല്ലുമ്പോള്‍ വെറും നാലു വയസ്സ് മാത്രമായിരുന്നു അന്‍ജും സെയ്ഫിയുടെ പ്രായം. 1992ല്‍ ആണ് മാര്‍ക്കറ്റിലെ പിടിച്ചുപറിക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയും അവരെ നേരിടാന്‍ തയ്യാറായി മുന്നോട്ടുവരികയും ചെയ്തിന്റെ പേരില്‍ അന്‍ജും സെയ്ഫിയുടെ പിതാവ് റഷീദ് അഹമ്മദിനെ ഗുണ്ടകള്‍ കൊന്നത്.

കടയില്‍ കയറി പണമെടുക്കാന്‍ ശ്രമിച്ചവരെ തടയുമ്പോള്‍ ഗുണ്ടകള്‍ റഷീദിനെ വെടിവച്ചുവീഴ്ത്തി. പിതാവിനെ കുറിച്ചുള്ള നേരിയ ഓര്‍മ്മകള്‍ മാത്രമേ അന്‍ജുമിനുള്ളൂ. എങ്കിലും കാല്‍നൂറ്റാണ്ടുമുന്‍പ് പിതാവ് തന്നെകുറിച്ച് കണ്ട സ്വപ്നം അവള്‍ നിറവേറ്റിയിരിക്കുകയാണ്.

മകളെ ജഡ്ജിയായി കാണണമെന്നായിരുന്നു റഷിദിന്റെ ആഗ്രഹം. 25 വര്‍ഷങ്ങള്‍ക്കിപ്പുറം 29ാം വയസ്സില്‍ അന്‍ജും ആ ആഗ്രഹം സാധിച്ചുകൊടുത്തു. ഉത്തര്‍പ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച സിവില്‍ ജഡ്ജ് ജൂനിയര്‍ ഡിവിഷന്‍ പരീക്ഷയില്‍ ഉന്നത വിജയമാണ് അന്‍ജും നേടിയത്. അഞ്ച് സഹോദരന്മാരുടെ ഏക സഹോദരിയാണ് അന്‍ജും.

പിതാവ് മരിച്ചതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം കൗമാരക്കാരനായ മൂത്തമകന്റെ ചുമലിലായി. 40 വയസ്സ് കഴിഞ്ഞിട്ടും വിവാഹത്തെ കുറിച്ച് ചിന്തിക്കാതെ കുടുംബത്തെ കരകയറ്റാനുള്ള പ്രയത്‌നത്തിലാണ് അദ്ദേഹം. കടന്നുപോയത് ഏറെ യാതനകള്‍ നിറഞ്ഞ കാലങ്ങളായിരുന്നു. പിതാവിന്റെ സ്വപ്നം അപ്പോഴും അവര്‍ കൂടെ സൂക്ഷിച്ചു. മക്കളുടെ ഭാവിയെ കരുതി ഭര്‍ത്താവിന്റെ ഘാതകര്‍ക്കെതിരായ കേസ് പോലും അന്‍ജുമിന്റെ മാതാവ് ഹമിദ ബീഗത്തിന് ഉപേക്ഷിക്കേണ്ടിവന്നു. മക്കളെ കുറിച്ച് പിതാവ് കണ്ട സ്വപ്നങ്ങള്‍ യഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ടെന്ന് ഇന്ന് ഹമിദ ബീഗം പറയുന്നു.

ശരിക്കു വേണ്ടിയുള്ള പോരാട്ടത്തിനിടെയാണ് തന്റെ പിതാവിന് ജീവന്‍ നഷ്ടമായതെന്ന് അന്‍ജും പറയുന്നു. നല്ലത് വരുത്തുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ സാഹചര്യങ്ങള്‍ അതിന് അനുവദിച്ചില്ല. അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും ശരിയായ കാര്യങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്തുന്നതുമാണ് തന്റെ ലക്ഷ്യം.

സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അവസരം ഇന്ന് ദൈവം നല്‍കിയിരിക്കുന്നു. പിതാവിന്റെ ത്യാഗം ഒരിക്കലും പാഴായി പോകില്ലെന്നും അന്‍ജും ഉറപ്പുപറയുന്നു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles