ഉന്നാവോ- കത്വ ബലാത്സംഗക്കേസുകളില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നായകനുമായ ഗൗതം ഗംഭീര്‍ രംഗത്ത്. ഇന്ത്യയുടെ പൊതു ബോധമാണ് ആദ്യം ഉന്നാവോയിലും പിന്നീട് കത്വയിലും ബലാത്സംഗം ചെയപ്പെട്ടതെന്ന് ഗംഭീര്‍ പറഞ്ഞു. രാഷ്ട്രത്തിന്റെ പൊതുബോധം തെരുവില്‍ കൊല്ലപ്പെടുകയാണ്. അല്ലയോ ഭരണക്കൂടമെ കുറ്റവാളികളെ ശിക്ഷിക്കാന്‍ ധീരത കാണിക്കൂ. അതിന് ഞാന്‍ നിങ്ങളെ വെല്ലുവിളിക്കൂന്നു എന്നാണ് ഗംഭീര്‍ ട്വിറ്റില്‍ കുറച്ചത്.

കത്വയില്‍ ക്രൂര ബലാത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട ഇന്ത്യയുടെ മകള്‍ക്ക് വേണ്ടി പോരാടുന്ന അഭിഭാഷകയെ തടയാന്‍ ശ്രമിക്കുന്ന അഭിഭാഷകരെ ഓര്‍ത്ത് ലജ്ജിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സംഭവത്തില്‍ ടെന്നീസ് താരം സാനിയ മിര്‍സയും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഈ എട്ടു വയസ്സുകാരിക്കൊപ്പം നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ നമ്മള്‍ മനുഷ്യരല്ലെന്നും ഇങ്ങനെയാണോ ലോകം നമ്മളെ ഇപ്പോള്‍ കാണേണ്ടത് എന്നുമായിരുന്നു സാനിയ മിര്‍സ പറഞ്ഞത്.

നേരെത്ത ജമ്മു കാശ്മീരിലെ കത്ത്വവയില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഹാജരാകാതിരിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി വനിതാ അഭിഭാഷക പരാതിപ്പെട്ടിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും, ബാര്‍ അസോസിയേഷനില്‍ നിന്നും ഭീഷണിയുണ്ടായതായി അഭിഭാഷക ദീപിക എസ് രജാവത്താണ് എന്‍എഐയോട് വെളിപ്പെടുത്തിയത്.

കഴിഞ്ഞ ജനുവരി 10 നാണ് രസനയിലെ വീടിന് സമീപത്തുനിന്നും ആസിഫയെ കാണാതാവുന്നത്. തുടര്‍ന്ന് ഏഴു ദിവസത്തിന് ശേഷമാണ് വനപ്രദേശത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ എട്ട് പേര്‍ ചേര്‍ന്നാണ് എട്ടുവയസ്സുകാരിയെ ക്രൂരമായി പിച്ചിച്ചീന്തി കൊലപ്പെടുത്തിയത്. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബലാത്സംഗത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്.

ആസിഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വന്ന വാര്‍ത്തകള്‍ കണ്ടാണ് കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് അഭിഭാഷക പറയുന്നു. താന്‍ കേസ് ഏറ്റെടുക്കുന്നുവെന്ന് അറിഞ്ഞതോടെ ബാര്‍ റൂമുകളില്‍ നിന്ന് വെള്ളം പോലും നല്‍കരുതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി അഭിഭാഷക പരാതിപ്പെടുന്നു. മാത്രമല്ല, പ്രതികളെ സംരക്ഷിക്കുവാന്‍ എന്തിന് വേണ്ടിയാണ് അഭിഭാഷകര്‍ ശ്രമിക്കുന്നതെന്നും ദീപിക ചോദിക്കുന്നു.

ബ്രാഹ്മണര്‍ താമസിക്കുന്ന പ്രദേശത്താണ് കൊല്ലപ്പെട്ട പെണ്‍കുട്ടി ഉള്‍പ്പെടുന്ന മുസ്ലിം നടോടികള്‍ താമസിച്ചിരുന്നത്. ഇവരെ പ്രദേശത്തുനിന്നും ഒഴിപ്പിക്കുന്നതിനുവേണ്ടിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം പെണ്‍കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സഞ്ജി റാമാണ് കേസിലെ പ്രധാന പ്രതി.

കേസില്‍ പ്രതികളായവരെ വിട്ടയക്കണമെന്ന് ബിജെപി മന്ത്രി ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ആസിഫയ്ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി രാജ്യത്തിന്റെ പലഭാഗത്തുനിന്നും മുറവിളികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.