ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. 120 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് ബുധനാഴ്ച രാവിലെ അറിയുക.

അഞ്ചുമാസത്തിനിടെ നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പിനാണ് ഇസ്രയേല്‍ ജനത വിധിയെഴുതുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പാണ് നടന്നത്. രാജ്യത്തെ 63 ലക്ഷം വോട്ടര്‍മാരില്‍ 68 ശതമാനംപേര്‍ വോട്ടുരേഖപ്പെടുത്തിയിരുന്നു. മുന്‍ സൈനികമേധാവി ബെന്നി ഗാന്റ്‌സിന്റെ നേതൃത്വത്തിലുള്ള ബ്ലൂ പാര്‍ട്ടിയായിരുന്നു നെതന്യാഹുവിന്റെ പ്രധാന എതിരാളി.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്‍റ്സാണ് ലികുഡ് പാര്‍ട്ടിയുടെ നെതന്യാഹുവിനേക്കാള്‍ നേരിയ ലീഡ്. ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്ക് 32-34 സീറ്റുകള്‍ ലഭിക്കുമെന്നാണ് പറയുന്നത്. ലികുഡ് പാര്‍ട്ടിക്ക് 31-33 സീറ്റുകളും പ്രവചനമുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്ക് 53-56 സീറ്റുകളും ലഭിച്ചേക്കാം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.

മുന്‍ പ്രതിരോധ മന്ത്രി അവിഗോര്‍ ലിബര്‍മാന്‍ കിംഗ് മേക്കറാകും. ലിബര്‍മാന്‍റെ നാഷണലിസ്റ്റ് ഇസ്രായേലി ബെറ്റിനു പാര്‍ട്ടി 10 സീറ്റുകള്‍ നേടിയേക്കുമെന്നാണ് പ്രവചനം.

തീവ്രവലതുപക്ഷ കക്ഷിയായ യാമിന പാര്‍ട്ടിക്ക് ഏഴ് സീറ്റും ലഭിച്ചേക്കും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ലികുഡ് പാര്‍ട്ടിയായാലും ബ്ലൂ ആന്‍ഡ് പാര്‍ട്ടിയായാലും ഐക്യ സര്‍ക്കാറായിരിക്കുമെന്ന് ലിബര്‍മാന്‍ പറഞ്ഞിരുന്നു. ഇസ്രായേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബ്ലൂ ആന്‍ഡ് പാര്‍ട്ടിയുമായി ലിബര്‍മാന്‍ ധാരണയിലെത്തിയേക്കും. അങ്ങനെയെങ്കില്‍ നെതന്യാഹു സര്‍ക്കാര്‍ പുറത്താകും.