ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 2010 മുതല്‍ നിലവിലുള്ള പേ ക്യാപ്പ് നീക്കാന്‍ തീരുമാനം. അതിനൊപ്പം 6.5 ശതമാനം ശമ്പളവര്‍ദ്ധന അനുവദിക്കാനും തീരുമാനമായി. ഇത് ഇന്നു മുതല്‍ നടപ്പിലാകും. ഒരു മില്യണ്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭ്യമാകുന്നത്. സര്‍ക്കാരുമായി മാധ്യസ്ഥം നടത്തുന്ന എന്‍എച്ച്എസ് എംപ്ലോയേഴ്‌സുമായി ഇക്കാര്യത്തില്‍ ട്രേഡ് യൂണിയനുകള്‍ ചര്‍ച്ച നടത്തി വരികയായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ യൂണിസണും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും പോലെയുള്ള യൂണിയനുകള്‍ എന്‍എച്ച്എസ് എംപ്ലോയേഴ്‌സുമായി ധാരണയില്‍ എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്.

ഇന്ന് നടക്കുന്ന എന്‍എച്ച്എസ് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം നിര്‍ദേശിക്കപ്പെടും. 3 ബില്യന്‍ പൗണ്ടാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ചര്‍ച്ചയില്‍ ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ആനുകൂല്യം ഡോക്ടര്‍മാരൊഴികെയുള്ള ഹെല്‍ത്ത്‌കെയര്‍ ജീവനക്കാരായ നഴ്‌സുമാര്‍, മിഡൈ്വഫുമാര്‍, ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റുമാര്‍, പാരാമെഡിക്‌സ് എന്നിവര്‍ക്ക് ലഭ്യമാകും. നാണ്യപ്പെരുപ്പത്തിന് അനുസൃതമായി ആദ്യ വര്‍ഷം 3 ശതമാനത്തിന്റെയും അടുത്ത വര്‍ഷം 2 ശതമാനത്തിന്റെയും പിന്നീട് ഒരു ശതമാനത്തിന്റെയും ശമ്പളവര്‍ദ്ധന നടപ്പിലാക്കുമെന്നാണ് യൂണിയനുകള്‍ക്ക് ലഭിച്ചിരിക്കുന്ന ഉറപ്പ്.

നിര്‍ദിഷ്ട പോസ്റ്റുകളില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് അതിന് അനുസൃതമായി നേരിയ തോതിലുള്ള ശമ്പളവര്‍ദ്ധനവേ ഉണ്ടാകുകയുള്ളു. മുതിര്‍ന്ന എന്‍എച്ച്എസ് മാനേജര്‍മാര്‍ക്ക് പ്രത്യേക ശമ്പളക്കരാറാണ് നിലവിലുള്ളത്. 2013ലാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരു ശതമാനം പേയ് ക്യാപ്പ് നിലവില്‍ വന്നത്. പൊതുധന വിനിയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സഖ്യകക്ഷി സര്‍ക്കാരാണ് ഇത് നടപ്പിലാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പ് മുതല്‍ ശമ്പള നിയന്ത്രണം ഇല്ലാതാക്കണമെന്ന ആവശ്യം ശക്തമാകുകയായിരുന്നു. എന്‍എച്ച്എസ് ജീവനക്കാരാണ് ഇത് കൂടുതലായും ഉന്നയിച്ചത്.

ശമ്പളവര്‍ദ്ധനവ് നടപ്പാക്കാന്‍ പണം കായ്ക്കുന്ന മരമൊന്നുമില്ലെന്ന് കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന സംവാദത്തില്‍ ചോദ്യമുന്നയിച്ച ഒരു നഴ്‌സിന് തെരേസ മേയ് മറുപടി നല്‍കിയത് വിവാദമായിരുന്നു. പിന്നീട് ജൂണിലാണ് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് പേയ് ക്യാപ്പ് നീക്കുന്നതിനെക്കുറിച്ച് സൂചന നല്‍കിയത്. എന്നാല്‍ ആരോഗ്യമേഖല കൂടൂതല്‍ ഉദ്പാദനക്ഷമമാകുന്നത് അനുസരിച്ചായിരിക്കും ട്രഷറി ഇതിനായി പണമനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിന്നീട് മധ്യസ്ഥ ചര്‍ച്ചകളില്‍ ശമ്പളവര്‍ദ്ധന നടപ്പാക്കുമ്പോള്‍ ജീവനക്കാര്‍ ഒരു അവധി ദിവസം സറണ്ടര്‍ ചെയ്യേണ്ടി വരുമെന്ന് എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് പറഞ്ഞെങ്കിലും യൂണിയനുകള്‍ അതിനെ ശക്തമായി എതിര്‍ത്തിരുന്നു. സീനിയര്‍ സ്റ്റാഫിന്റെ ശമ്പളവര്‍ദ്ധനയില്‍ നിയന്ത്രണം വരുത്തിക്കൊണ്ട് ഇത് പരിഹരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.