എന്‍എച്ച്എസിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് ദീര്‍ഘകാല പദ്ധതികള്‍ പ്രസിദ്ധീകരിച്ച് ഗവണ്‍മെന്റ്. 134 പേജുകളിലായി വിശദീകരിച്ചിരിക്കുന്ന സ്ട്രാറ്റജിയാണ് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. 20.5 ബില്യന്‍ പൗണ്ട് ഫണ്ടിംഗ് ഏതു വിധത്തിലായിരിക്കും എന്‍എച്ച്എസില്‍ ചെലവഴിക്കുക എന്നതാണ് പ്രധാനമായും ഇതില്‍ വിശദീകരിച്ചിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയിലുണ്ടാകുന്ന വികാസങ്ങളുടെ ഗുണഫലം ചികിത്സാ മേഖലയില്‍ പരമാവധി ലഭ്യമാക്കുക, ക്യാന്‍സര്‍ സാധ്യത പ്രവചിക്കുന്നതിനായി എല്ലാ കുട്ടികള്‍ക്കും ജനിതക പരിശോധന നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പദ്ധതിയിലുണ്ട്. ജനറ്റിക് ടെസ്റ്റിനുള്ള നിര്‍ദേശം ഉടന്‍തന്നെ നടപ്പിലാക്കും. എന്‍എച്ച്എസിനെ ഡിജിറ്റല്‍ ഫസ്റ്റ് ആക്കാനുള്ള നീക്കം ഇനിയും താമസിക്കുമെന്നാണ് കരുതുന്നത്. ഐടി മേഖലയില്‍ എന്‍എച്ച്എസിന്റെ മോശം റെക്കോര്‍ഡാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

ലക്ഷ്യങ്ങള്‍

നാല് മണിക്കൂര്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ടാര്‍ജറ്റ് എടുത്തു കളയുമെന്നാണ് കരുതുന്നത്. എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര കേസുകള്‍ക്കായി കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കും. സെപ്‌സിസ്, ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയുടെ ചികിത്സക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി കുറയ്ക്കും. 95 ശതമാനം ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി രോഗികളിലും നാലു മണിക്കൂര്‍ പരിധി നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.

രോഗികള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍

50 ലക്ഷം രോഗികള്‍ക്ക് പേഴ്‌സണല്‍ ബജറ്റുകള്‍ നല്‍കും. ഇഷ്ടപ്പെട്ട ചികിത്സാ രീതി തെരഞ്ഞെടുക്കാനും പേഴ്‌സണലൈസേഷന്‍ അജന്‍ഡയുടെ ഭാഗമായി ഗാര്‍ഡനിംഗ്, ഡാന്‍സിംഗ് തുടങ്ങിയ ഹോബികള്‍ തിരഞ്ഞെടുക്കാനും ഇവര്‍ക്ക് അവസരം ലഭിക്കും. വളരെ ചുരുക്കം രോഗികള്‍ക്ക് മാത്രം ലഭിച്ചിരുന്ന സൗകര്യങ്ങള്‍ എല്ലാവര്‍ക്കുമായി ലഭിക്കുന്ന പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ബ്യൂറോക്രസി ഇല്ലാതാക്കല്‍

2012ലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ആക്ടില്‍ 200 ഹെല്‍ത്ത് ബോഡികള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. അന്നത്തെ ഹെല്‍ത്ത് സെക്രട്ടറിയായിരുന്നു ആന്‍ഡ്രൂ ലാന്‍സ്ലി അവതരിപ്പിച്ച വിവാദപരമായ മാറ്റങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് പുതിയ പദ്ധതികളില്‍. ബ്യൂറോക്രസി ഇല്ലാതാക്കുന്നതിലൂടെ എന്‍എച്ച്എസ് ബജറ്റില്‍ 700 മില്യന്‍ പൗണ്ട് ലാഭിക്കാനാകുമെന്നാണ് കരുതുന്നത്.

മെന്റല്‍ ഹെല്‍ത്ത്

2.3 ബില്യന്‍ പൗണ്ടാണ് മെന്റല്‍ ഹെല്‍ത്തിനു വേണ്ടി വകയിരുത്തിയിരിക്കുന്നത്. കുട്ടികള്‍ക്കും മെന്റല്‍ ഹെല്‍ത്ത് സേവനങ്ങള്‍ ലഭ്യമാക്കും. സ്‌കൂളുകള്‍, കമ്യൂണിറ്റി എന്‍എച്ച്എസ് സര്‍വീസ് എന്നിവയിലൂടെ 345,000 കുട്ടികള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഹോസ്പിറ്റല്‍ കെയര്‍ ഉത്തേജിപ്പിക്കുക, ഹെല്‍ത്ത് സര്‍വീസിന്റെ കാര്യക്ഷമത കൂട്ടുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിയില്‍ പറയുന്നു.