പാഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,000 കോടി രൂപ വായ്പ എടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോഡിയുടെ ഗ്യാരേജില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ആഢംബര വാഹനങ്ങള്‍ കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ നടത്തിയ റെയിഡിലാണ് കോടികള്‍ വിലമതിക്കുന്ന കാറുകള്‍ പിടിച്ചെടുത്തത്.

അഞ്ചര കോടി രൂപ വില വരുന്ന റോള്‍സ് റോയ്സ് ഗോസ്റ്റ്, ഒന്നര കോടി വിലയുള്ള രണ്ട് ബെന്‍സ് ജിഎല്‍ ക്ലാസ് കാറുകള്‍, രണ്ടു കോടി രൂപ വിലയുള്ള പോര്‍ഷെ പനമെര, ഹോണ്ടയുടെ മൂന്ന് കാറുകള്‍, ടൊയോട്ടയുടെ ഫോര്‍ച്ച്യൂണര്‍, ഇന്നോവ എന്നീ വാഹനങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു. പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് നേടിയ പണം തിരിച്ചു പിടിക്കാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് മോഡിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്.

എന്നാല്‍ താന്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ചിട്ടില്ലെന്നും ബാങ്ക് നടത്തുന്ന കുപ്രചരണങ്ങള്‍ തന്റെ ബ്രാന്റിനെ പ്രതികൂലമായി ബാധിച്ചുവെന്നും ആരോപിച്ച് നീരവ് മോഡി രംഗത്തു വന്നിരുന്നു. അതേസമയം നീരവ് മോഡിയെ ഇന്ത്യയിലെത്തിച്ച് തട്ടിപ്പ് വിവാദത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.