തൃശൂര്‍ ഹൈവേയ്ക്കു സമീപം ചുണ്ടല്‍ പാടത്തു കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇത് സ്ത്രീയുടെ മൃതദേഹം എന്നാണ് സൂചന. അറുത്തുമാറ്റിയ ശരീരഭാഗങ്ങള്‍ രണ്ടിടത്തു നിന്നായിട്ടാണു കണ്ടെത്തിയത്. രണ്ടുകാല് ഒരിടത്തും അരയ്ക്കു മുകളിലേയ്ക്കുള്ള ഭാഗം മറ്റൊരിടത്തുമായിരുന്നു. വയറിന്റെ ഭാഗവും തുടകളും കണ്ടെത്താനായിട്ടില്ല.

ആളൊഴിഞ്ഞ ഭാഗത്ത് ആടിനെ തീറ്റിക്കാന്‍ എത്തിയവരാണു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹമാണോ ഇതെന്ന് പോലീസിന് സംശയമുണ്ട്. പഞ്ചസാര ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത് എന്ന സംശയവും പോലീസിനുണ്ട്. ചില ഭാഗങ്ങള്‍ പൂര്‍ണമായും ചുരുങ്ങിപ്പോയിട്ടുണ്ട്. രണ്ട് ഭാഗങ്ങളിലായിട്ടാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചത്. അവശിഷ്ടങ്ങള്‍ നായ്ക്കള്‍ കടിച്ചുവലിച്ചതിന്റെ ലക്ഷണമുണ്ട്.

കത്തിക്കാന്‍ ഉപയോഗിച്ച പാത്രത്തിന്റെ അടുപ്പ് കണ്ടെത്തിയിരുന്നു. തുണിയുടെ അവശിഷ്ടവും ലഭിച്ചിട്ടുണ്ട്. തുണി ഉപയോഗിച്ച് അടുപ്പില്‍ നിന്ന് തീയെടുത്ത് മൃതദേഹം കത്തിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ചൂണ്ടലിലെയും കീച്ചേരിയിലേയും ഇതര സംസ്ഥാനത്തൊഴിലാളികളുടെ ക്യാംപുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ചൂണ്ടല്‍ പാടത്ത് ഒരാഴ്ച മുമ്പ് കൊയ്ത്ത് നടന്നിരുന്നു. സംസ്ഥാന പാതയിലെ പെട്രോള്‍ പമ്പിലെയും ഹോട്ടലിലെയും സിസിടിവി ക്യാമറകള്‍ പരിശോധിക്കും. സംസ്ഥാന പാതയില്‍ നിന്ന് ഏകദേശം 150 മീറ്റര്‍ അകലെയായിരുന്നു മൃതദേഹ അവശിഷ്ടങ്ങള്‍. കുന്നംകുളം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാണാതായവരുടെ പരാതി ഇതുവരെ ലഭിച്ചിട്ടില്ല. മറ്റെവിടെയെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

മൃതദേഹം കിടന്നിരുന്ന സ്ഥലത്തേക്ക് അക്രമികള്‍ എങ്ങനെയാണ് എത്തിയതെന്നാണ് പോലീസ് പരിശോധിക്കുന്നത്. വാഹനം വന്നതിന്റെ അടയാളങ്ങള്‍ ഇല്ല. സിസിടിവി ക്യാമറകള്‍ പരിശോധിച്ചാല്‍ തുമ്പുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.