തിരുവനന്തപുരം ∙ പ്രവാസിക്ഷേമ കാര്യങ്ങളെക്കുറിച്ച് അറിയാനും വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കു കേരളത്തിൽ ലഭിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ചു മനസിലാക്കാനും പ്രവാസികൾ ഒരു വർഷത്തിനിടെ വിളിച്ചത് ഒന്നര ലക്ഷത്തിലേറെ കോൾ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 33 രാജ്യത്തു നിന്നും നോർക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിൽ പ്രവാസിക്കായുള്ള ഗ്ലോബൽ കോൺടാക്ട് സെന്ററിലേക്ക് (ജിസിസി) വിളിച്ച കോളുകളുടെ എണ്ണമാണിത്. കൃത്യമായി പറഞ്ഞാൽ 1,77,685 ഫോൺ കോൾ. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനിടെ ലഭിച്ചതാണ് ഇത്രയും കോളുകൾ.

വെബ്‌സൈറ്റ് മുഖേന ഇതു സംബന്ധിച്ച 37,255 ചാറ്റുകളും ലഭിച്ചു. ഇന്ത്യയ്ക്കു പുറമേ യുഎഇ., സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുമാണ് ഫോൺ കോൾ ഏറെയും. ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഇന്തോനീഷ്യ, അഫ്ഗാനിസ്ഥാൻ, ഒമാൻ, ജർമനി, തുർക്മിനിസ്ഥാൻ, ഇറാൻ, ഉത്തര കൊറിയ, മലേഷ്യ, ശ്രീലങ്ക, യുകെ, യുഎസ്, കംബോ‍ഡിയ, ജോർജിയ, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ലാവോസ്, മ്യാന്മർ, ഫിലിപ്പീൻസ്, റഷ്യ, ദക്ഷിണ കൊറിയ, സ്‌പെയിൻ, തയ്‌വാൻ, തജികിസ്ഥാൻ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കോളുകൾ ലഭിച്ചിട്ടുണ്ട്. 2019 ഫെബ്രുവരി 15 ന് ദുബായില്‍ നടന്ന ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

റിക്രൂട്ട്‌മെന്റ്, ഐഡി കാർഡ്, അറ്റസ്റ്റേഷൻ, ആംബുലൻസ് സർവീസ്, പ്രവാസി ലീഗൽ എയ്ഡ് സെൽ, നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ, ലോക കേരള സഭ, വീസ സ്റ്റാംപിങ്, ഡയറക്‌ടേഴ്‌സ് സ്‌കോളർഷിപ്പ്, ഭൗതിക ശരീരം നാട്ടിൽ എത്തിക്കൽ, കേരള പൊലീസ് എൻആർഐ സെൽ, പാസപോർട്ട്, പ്രവാസി ക്ഷേമനിധി ബോർഡ്, എംബസികളുടെയും കോൺസിലേറ്റുകളുടെയും വിവരങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണങ്ങളാണു വന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.

24 x 7 മണിക്കൂറും ടെലിഫോണിലോ ലൈവ് ചാറ്റിലോ പ്രവാസി മലയാളികൾക്ക് 0091 8802012345 രാജ്യാന്തര ടോൾ ഫ്രീ നമ്പരിൽ വിളിച്ച് നോർക്കയുടെ സേവനങ്ങളെക്കുറിച്ചുളള വിവരങ്ങൾ ആരായാനും പരാതികൾ റജിസ്റ്റർ ചെയ്യുവാനുമുള്ള സംവിധാനമാണിത്.

ഉപയോക്താവിന്റെ ഫോണിൽ നിന്നു പ്രസ്തുത നമ്പരിലേക്കു ഡയൽ ചെയ്ത ശേഷം, കോൾ ഡിസ്‌കണക്ട് ആവുകയും 30 സെക്കൻഡിനുളളിൽ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിൽ നിന്നു കോൾ തിരികെ ലഭിക്കുകയും ചെയ്യും. സേവനം സൗജന്യമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നു വിളിക്കുന്നവർക്ക് 1800 425 3939 ലും സേവനം ലഭിക്കും. ഒരു വർഷത്തിനിടെ കോൾ സെന്ററിലേക്ക് നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org മുഖേന 2,320 പരാതിയും ലഭിച്ചു.