ലണ്ടന്‍: നേഴ്‌സിംഗ് മേഖലയെ നശിപ്പിച്ചതിന് ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന ആരോപണവുമായി തെരേസ മേയ്ക്ക് കത്ത്. ശമ്പളക്കുറവും ശമ്പള വര്‍ദ്ധനവില്ലാത്തതും ചികിത്സാരംഗത്ത് നടപ്പാക്കിയിരിക്കുന്ന ചെലവ് ചുരുക്കല്‍ നടപടികളും തങ്ങളുടെ ജോലി വേണ്ട വിധത്തില്‍ ചെയ്യാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കിയെന്ന് കത്തില്‍ നേഴ്‌സുമാര്‍ ആരോപിക്കുന്നു. ഭാവിയില്‍ ഈ മേഖലയിലേക്ക് ആളുകള്‍ കടന്നുവരാന്‍ തയ്യാറാകാത്ത അവസ്ഥയുണ്ടാകാതിരിക്കാന്‍ ശമ്പളവര്‍ദ്ധനവ് 1 ശതമാനമാക്കി ചുരുക്കിയ നടപടി പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

പല എന്‍എച്ച്എസ് നേഴ്‌സുമാരും ജീവിതച്ചെലവുകള്‍ കൂട്ടിമുട്ടിക്കാന്‍ മറ്റ് ജോലികള്‍ ചെയ്യാനും നിര്‍ബന്ധിതരായിരിക്കുകയാണ്. ഹാര്‍ഡ്ഷിപ്പ് ഗ്രാന്റുകള്‍ക്കായി അപേക്ഷിക്കേണ്ട ഗതികേടിലും ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ട അവസ്ഥയിലുമാണ് തങ്ങളെന്നും അവര്‍ പറയുന്നു. അടുത്ത തലമുറ നേഴ്‌സിംസഗ് ജോലിക്ക് തയ്യാറാകാത്ത സ്ഥിതിയാണ് പ്രധാനമന്ത്രിയുടെ ആരോഗ്യമേഖലയോടുള്ള നിലപാടുകള്‍ സൃഷ്ടിക്കുന്നത്. തങ്ങളുടെ തൊഴില്‍മേഖലയെ പ്രധാനമന്ത്രി നശിപ്പിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.

നേഴ്‌സിംഗ് ദിനമായി ആചരിക്കുന്ന ഇന്നാണ് പ്രധാനമന്ത്രിക്ക് നേഴ്‌സുമാര്‍ ഈ കത്ത് എഴുതിയിരിക്കുന്നത്. ശമ്പളവര്‍ദ്ധനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്തണമെന്നും കത്തില്‍ ആവശ്യമുണ്ട്. നൂറിലേറെ നേഴ്‌സുമാരാണ് ഈ കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.