ജോര്‍ജ്ജ് എടത്വ

സൗത്താംപ്ടണ്‍ കാത്തിരിക്കുകയാണ്. ആറ് വര്‍ഷമായി തുടരുന്ന അതിസുന്ദരമായ ആ ദിവസത്തെ. ഇനി കേവലം ഒരാഴ്ച കൂടി കഴിഞ്ഞാല്‍ മലയാളത്തെ അനശ്വരമാക്കിയ പഴയ ഗാനങ്ങള്‍ ഒന്നൊന്നായി സൗത്താംപ്ടണിലെ സെന്റ് ജോര്‍ജ് കാത്തലിക് കോളജ് വേദിയില്‍ തെളിയും. ഗായകരെ മുടങ്ങാതെ അരങ്ങില്‍ എത്തിച്ച സംഘാടകര്‍ ഇക്കുറിയും ചിട്ട ലംഘിക്കുന്നില്ല. അനുഗ്രഹീത നടിയായ ഗീതാ വിജയനും യുവഗായകന്‍ കിഷനുമാണ് അതിഥികളായി എത്തുക.

യുകെയിലെ സംഗീത ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംഗീത ഉത്സവം ഈമാസം 30ന് വൈകുന്നേരം നാല് മണിക്ക് സൗത്താംപ്ടണ്‍ സെന്റ് ജോര്‍ജ് സ്‌കൂള്‍ ഹാളിലാണ് അരങ്ങേറുക. ഒരു സംഗീത പരിപാടിയുടെ തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ് അനശ്വരഗാനങ്ങളുടെ അപൂര്‍വ്വ സംഗമം എന്ന പേരില്‍ സൗത്താപ്ടണില്‍ അരങ്ങേറുന്നത്. കല ഹാംപ്‌ഷെയര്‍ മലയാള സിനിമയുടെ കുലപതികളെ ആദരിക്കുവാനും അവരുടെ മാസ്റ്റര്‍ പീസുകളെ പുതു തലമുറക്ക് പരിചയപ്പെടുത്തനും വേണ്ടി ഓള്‍ഡ് ഈസ് ഗോള്‍ഡ്, അനശ്വര ഗാനങ്ങളുടെ സംഗമം എന്ന പേരില്‍ ആറ് വര്‍ഷം മുന്‍പ് ഈ സംഗീത സപര്യക്ക് തുടക്കം കുറിച്ചത്. യുകെയിലെ നിരവധി അറിയപ്പെടുന്ന കലാകാരന്മാര്‍ മലയാള സിനിമാ ലോകത്തെ കുലപതികള്‍ക്ക് ആദരവറിയുക്കുവാന്‍ ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ ഈ വേദി ഉപയോഗിച്ചിട്ടുണ്ട്.

ഈ വര്‍ഷം മലയാള സിനിമയുടെ രണ്ട് കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രതിഭകള്‍ ആണ് ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വേദിയില്‍ എത്തുന്നത് അഭിനേത്രി ഗീത വിജയനും, ഗായകനും അഭിനേതാവുമായ കിഷനും. മലയാളത്തിന്റെ പുഷ്‌കലകാലഘട്ടം എന്നറിയപ്പെടുന്ന തൊണ്ണൂറുകളിലെ പ്രിയ നായിക ഗീതാ വിജയന്‍, ഇന്‍ ഹരിഹര്‍ നഗറില്‍ മലയാളത്തിലെ മികച്ച പ്രതിഭകളോടൊപ്പം നായികയായി തുടങ്ങി, കാബൂളിവാല, തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം, നിര്‍ണ്ണയം, മാന്നാര്‍ മത്തായി സ്പീക്കിങ്, സേതുരാമയ്യര്‍ സിബിഐ, വെട്ടം, ഛോട്ടാ മുംബൈ അടക്കം നൂറ്റിയമ്പതിലേറെ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത ഗീതാ വിജയന്‍ 25ലധികം ജനപ്രിയ സീരിയലുകളിലും പ്രമുഖ വേഷം ചെയ്തിട്ടുണ്ട്.

മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തെ പ്രതിനിധാനം ചെയ്തു ഗീതാ വിജയന്‍ ഓള്‍ഡ് ഈസ് ഗോള്‍ഡിലെത്തുമ്പോള്‍ പൂമരം എന്ന സിനിമയിലെ നായക തുല്യ കഥാപാത്രവും ഒപ്പം പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ എന്ന ഒരു ഗാനം ആലപിച്ചതിലൂടെ കൊണ്ട് പുതു തലമുറയുടെ ഹരമായ കിഷനും സംഗീതത്തിന്റെ മാസ്മരികതക്ക് പ്രായമില്ല എന്നോതിക്കൊണ്ടു ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ ഭാഗമാകുന്നു.

നാല്‍പ്പതിലധികം ഗായികാഗായകരാണ് സംഗീത കുലപതികള്‍ക്ക് പ്രണാമം അര്‍പ്പിക്കുവാന്‍ സൗത്താംപ്ടണില്‍ ഏപ്രില്‍ മുപ്പതിന് എത്തുന്നത്. കല ഹാംപ് ഷയറിന്റെ ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ നായര്‍ – പ്രസിഡന്റ്, സിബി മേപ്രത്ത് – ജനറല്‍ കണ്‍വീനര്‍, ജെയ്‌സണ്‍ ബത്തേരി – സെക്രട്ടറി, മീറ്റോ ജോസഫ് – ഇവന്റ് ഡയറക്ടര്‍, സിജിമോള്‍ ജോര്‍ജ് – വൈസ് പ്രസിഡന്റ്, ജോയ്‌സണ്‍ ജോര്‍ജ് ട്രഷറര്‍, മനോജ് മാത്രാടന്‍ – പബ്ലിസിറ്റി കണ്‍വീനര്‍ എന്നിവരെ കൂടാതെ കമ്മറ്റിയങ്ങളായ രാകേഷ് തായിരി, ആന്ദവിലാസം, മനു ജനാര്‍ദ്ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ഈ സംഗീത പരിപാടി തികച്ചും സൗജന്യമായി ആണ് കല ഹാംപ്ഷയര്‍ അവതരിപ്പിക്കുന്നത്. അതിനായി സഹായിക്കുന്ന പ്രമുഖര്‍ എന്‍എച്ച്എസ് ആശുപത്രികളുടെ സ്ഥിര – ഏജന്‍സി നിയമന കോണ്‍ട്രാക്ട് ലഭിച്ച വോസ്‌റ്റെക്ക് ഇന്റര്‍നാഷണല്‍, പാരഗണ്‍ ഫിനാഷ്യല്‍ സര്‍വ്വീസസ്, നീല്‍ ട്രാവല്‍സ്, ഇടിക്കുള സോളിസിറ്റേഴ്‌സ്, ആനന്ദ് ട്രാവല്‍സ്, വിക്ടറി ഹീറ്റിംഗ് ആന്റ് പ്ലംബ്ബിംഗ് പോര്‍ട്‌സ്മൗത്ത് എന്നിവരാണ്. ഓള്‍ഡ് ഈസ് ഗോള്‍ഡിന് ശബ്ദവും വെളിച്ചവും പകരുന്നത് ഗ്രെയ്‌സ് മെലഡീസ് ഓര്‍ക്കസ്ട്ര സൗത്താംപ്ടണ്‍ ആണ്. എല്ലാ സംഗീത പ്രേമികളെയും കല ഹാംപ്‌ഷെറിന്റെ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സംഗീത ഉത്സവത്തിലേക്കു സാദരം സ്വാഗതം ചെയ്യുന്നു.

വേദിയുടെ വിലാസം :

St. George Catholic College, SO16 3DQ