‘പേയ് യുവര്‍ ഏജ് ഡേ’ പ്രമോഷന്റെ ഭാഗമായി ടെഡി ബെയറുകള്‍ക്ക് വമ്പന്‍ ഓഫര്‍; സ്റ്റോറുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയവരെ ഒഴിവാക്കാന്‍ പലയിടങ്ങളിലും പോലീസിനെ വിളിച്ചു

‘പേയ് യുവര്‍ ഏജ് ഡേ’ പ്രമോഷന്റെ ഭാഗമായി ടെഡി ബെയറുകള്‍ക്ക് വമ്പന്‍ ഓഫര്‍; സ്റ്റോറുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയവരെ ഒഴിവാക്കാന്‍ പലയിടങ്ങളിലും പോലീസിനെ വിളിച്ചു
July 13 06:01 2018 Print This Article

പേയ് യുവര്‍ ഏജ് ഡേ പ്രമോഷന്റെ ഭാഗമായി ടെഡി ബെയറുകള്‍ക്ക് പ്രഖ്യാപിച്ച വമ്പന്‍ ഓഫര്‍ മുതലാക്കാന്‍ ബില്‍ഡ് എ ബെയര്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ വന്‍ ജനപ്രവാഹം. 50 പൗണ്ട് വരെ വില വരുന്ന ടെഡി ബെയറുകള്‍ക്ക് 1 പൗണ്ട് വരെ മാത്രമായിരുന്നു ഓഫര്‍ വിലയായി പ്രഖ്യാപിച്ചത്. ഇതോടെ സ്‌റ്റോറുകള്‍ക്കു മുന്നില്‍ ജനത്തിരക്ക് നിയന്ത്രണാതീതമായി. 9 മണിക്കൂറോളം ചിലയിടങ്ങളിലെ ക്യൂ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റോക്കുകള്‍ പലയിടങ്ങളിലും തീരുകയും ചെയ്തു. ആയിരക്കണക്കിനാളുകള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസിന്റെ സേവനവും തേടേണ്ടതായി വന്നു.

ടെല്‍ഫോര്‍ഡ്, ഷ്രോപ്ഷയര്‍, ബേസിംഗ്‌സ്റ്റോക്ക്, ഹാംപ്ഷയര്‍, ഷെഫീല്‍ഡ് തുടങ്ങിയ ഇടങ്ങളിലെ സ്റ്റോറുകള്‍ നേരത്തേ അടയ്‌ക്കേണ്ടതായി വന്നു. ജനത്തിരക്കും സുരക്ഷാ പ്രശ്‌നങ്ങളും മൂലമാണ് ജനങ്ങള്‍ക്ക് സ്റ്റോറുകളില്‍ പ്രവേശനം നിഷേധിച്ചതെന്ന് ബില്‍ഡ് എ ബെയര്‍ വിശദീകരിച്ചു. കുട്ടികള്‍ക്ക് അവരുടെ പ്രായം എത്രയാണോ അതായിരുന്നു ടെഡി ബെയറുകളുടെ വിലയായി നല്‍കേണ്ടിയിരുന്നത്. എല്ലാ ഇനത്തിലുള്ള ബെയറുകള്‍ക്കും ഓഫര്‍ ബാധകമാക്കിയിരുന്നു.

നൂറുകണക്കിന് രക്ഷിതാക്കള്‍ സ്റ്റോറിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന വീഡിയോ ഫിയോണ ഒ’ റെയ്‌ലി എന്ന സ്ത്രീ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന് ഒരു മണിക്കൂറില്‍ 22,000 വിസിറ്റര്‍മാരെയാണ് ലഭിച്ചത്. സാധാരണ ഗതിയില്‍ 200 പൗണ്ട് വരെ വില വരുന്ന നാല് ബെയറുകള്‍ 24 പൗണ്ട് മാത്രം നല്‍കിയാണ് താന്‍ സ്വന്തമാക്കിയതെന്നും സ്റ്റോറിനു പുറത്തെ ക്യൂ സംഘര്‍ഷത്തിലേക്ക് വഴിമാറുമെന്നാണ് താന്‍ കരുതിയതെന്നും ഇവര്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles