‘എന്റെ അച്ഛൻ അങ്ങനെ ചെയ്യില്ലെന്നാണ് എന്റെ വിശ്വാസം പക്ഷേ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ളത് അനുഭവിക്കണം.’ നാടിന്റെ നടുക്കത്തിനൊപ്പം അച്ഛനോടുള്ള ഇഷ്ടം ഉള്ളിൽ വച്ചുതന്നെയാണ്  ഒൻപതാം ക്ലാസുകാരിയുടെ വാക്കുകൾ. പെരിയ ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലായ പീതാംബരന്റെ മകൾ ദേവികയുടെയും ഭാര്യയുടെയും വാക്കുകൾ പുതിയ ചർച്ചകൾക്ക് തുടക്കിമിടുകയാണ്. പാർട്ടിയും പീതാംബരനെ തള്ളിയതോടെ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്  കുടുംബം. ഇനി ഞങ്ങൾക്ക് പാർട്ടിയില്ല എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പീതാംബരന്റെ ഭാര്യ മഞ്ജു.

‘അദ്ദേഹം പാർട്ടിക്കായിട്ടാണ് ഇതുവരെ ജീവിച്ചത്. ഇന്ന് പ്രതിയായിട്ടുണ്ടെങ്കിൽ അതും പാർട്ടിക്ക് വേണ്ടിയാണ്. പക്ഷേ ഇത്രയും വലിയ ക്രൂരത ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ല. കാരണം ജനുവരി അ‍ഞ്ചിന് അദ്ദേഹത്തിന് നേരെ ഒരു ആക്രമണം നടന്നിരുന്നു. അന്ന് ഇരുമ്പ് വടി കൊണ്ട് അടിയേറ്റ് കൈകൾ തകർന്നിരുന്നു. അതിനുശേഷം കയ്യിൽ സ്റ്റീലിട്ടിരിക്കുകയാണ്. പരസഹായം കൂടാതെ അദ്ദേഹത്തിന് ഒന്നും കഴിയില്ല. അങ്ങനെയുള്ള ഒരാൾ എങ്ങനെയാണ് രണ്ടുപേരെ ഇങ്ങനെ വെട്ടിക്കൊല്ലുന്നത്. അന്നത്തെ ആക്രമണത്തിന് ശേഷം ഇനി ഒന്നിനും പോകില്ലെന്ന് വാക്കുതന്നതാണ്.

എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി അറിഞ്ഞോണ്ടാണ്. ഇവിടെ ഞാനും അമ്മയും രണ്ടുമക്കളുമടക്കം നാലുജീവനുകൾ ഉണ്ട്. ഇതൊന്നുമറിയാതെ വീട്ടിലിരിക്കുന്ന ഞങ്ങൾക്ക് എന്താണ് പറയാൻ പറ്റുക..ഞങ്ങൾക്ക് എന്തുസംഭവിച്ചെന്ന് പോലും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഇനി ഞങ്ങൾക്ക് പാർട്ടി വേണ്ട..’വാക്കുകളിൽ ഇടർച്ചയുണ്ടെങ്കിലും പറയാനുള്ളത് തുറന്നുപറയുകയാണ് മഞ്ജു.

പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിനെ തള്ളി എ.പീതാംബരന്റെ കുടുംബം രംഗത്തെത്തിയത് ഇന്ന് രാവിലെയാണ്. കൊലപാതകം സിപിഎമ്മിന്റെ പൂർണ അറിവോടെയാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛനും പറയുന്നു. പാർട്ടിക്ക് പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളം. പ്രതി പീതാംബരൻ തന്നെയാണ്. പാർട്ടിയുടെ അറിവില്ലാതെ ലോക്കൽ കമ്മറ്റി അംഗമായ ഇയാൾ ഒന്നും ചെയ്യില്ല. പ്രാദേശിക പ്രശ്‌നത്തിന്റെ പേരിൽ ഉദുമ എംഎൽഎ കെ.കുഞ്ഞിരാമൻ പല തവണ വധഭീഷണി മുഴക്കിയിരുന്നു. എംഎൽഎയാണ് അക്രമത്തിന് നേതൃത്വവും പിന്തുണയും നൽകിയത് എന്നും സത്യൻ ആരോപിച്ചു.

പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മിനിട്ടുകൾക്ക് മുൻപായിരുന്നു ശരത് ലാലിന്റെ അച്ഛന്റെ പ്രതികരണം.ഇരട്ടക്കൊലയ്ക്കു പിന്നിൽ ക്വട്ടേഷന്‍ സംഘമല്ലെന്നാണ് മൊഴി. കൊല നടത്തിയത് എ. പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരുംചേര്‍ന്നെന്നും മൊഴിയുണ്ട്. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നിൽക്കുകയാണ്. അതേസമയം, മൊഴി പൂര്‍ണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ചോദ്യംചെയ്യല്‍ തുടരും.

കസ്റ്റഡിയിലുള്ള പെരിയയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് പീതാംബരന്റെ നിര്‍ദ്ദേശമനുസരിച്ച് കൃത്യം നടത്തിയെന്നാണും മൊഴി വ്യക്തമാക്കുന്നു. തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ക്വട്ടേഷന്‍ സംഘം എന്ന നിഗമനം ഉപേക്ഷിക്കാന്‍ അന്വഷണസംഘം നിര്‍ബന്ധിതമാകുന്നു എന്നാണ് സൂചന. ഇന്ന് കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്ന പീതാബരനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നതും ഈ കുരുക്കുകള്‍ അഴിക്കാന്‍ തന്നെ. സംഭവദിവസം കല്ലിയോട് എത്തിയ കണ്ണൂര്‍ റജീസ്ട്രേഷനുള്ള വാഹനങ്ങള്‍ സംബന്ധിച്ചും പൊലീസിന് കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.