75 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യമായി നൽകിക്കൊണ്ടിരുന്ന ടിവി ലൈസൻസ് നിർത്തലാക്കുക എന്ന ക്രൂരമായ തീരുമാനത്തിനെതിരെ വയോജനങ്ങളുടെ വൻ പ്രതിഷേധം

ലണ്ടനിലെ ന്യൂ ബ്രോഡ്കാസ്റ്റിംഗ് ഹൗസിനു മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ, ‘ ഗ്രേറ്റ് ബ്രിട്ടൻ ഓഫ് ആക്കുക’, ‘ കിടപ്പുരോഗികളെ കഷ്ടപ്പെടുത്തുന്നു’, ‘ഞങ്ങളെ ഓഫ് ചെയ്യരുത്’ തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടി ആയിരുന്നു പ്രകടനം. വീടുകളിൽ തനിയെ താമസിക്കുന്ന വാർധക്യസഹജമായ രോഗമുള്ളവർക്ക് പുറംലോകവുമായുള്ള ഒരേയൊരു ബന്ധമാണ് ടെലിവിഷൻ. അത് ഇല്ലാതാക്കരുത് എന്നാണ് അവരുടെ ആവശ്യം. ബിബിസി യുടെ സോൾ ഫോർഡ്, ന്യൂകാസിൽ, ഗ്ലാസ്ഗോ എന്നീ ഓഫീസുകളുടെ മുന്നിലും പ്രതിഷേധക്കാർ പ്രകടനം നടത്തിയിരുന്നു. ബ്രിട്ടനിലെ ഏറ്റവും വലിയ പെൻഷനർ ഓർഗനൈസേഷൻ ആയ നാഷണൽ പെൻഷൻ കൺവെൻഷൻ രാജ്യത്തുടനീളം പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരിക്കുകയാണ്. പ്രകടനക്കാർ ഓക്സ്ഫോർഡ് സർക്കസിലേക്ക് മാർച്ച് നടത്തുകയും പൊതുജനശ്രദ്ധ ക്ഷണിക്കാനായി ട്രാഫിക് തടയുകയും ചെയ്തു.

ചിലർ ഈ നടപടിക്കെതിരെ ബി ബി സി യെ യെ കുറ്റപ്പെടുത്തുമ്പോൾ മറ്റുചിലർ ടാക്സ് ഏർപ്പെടുത്തിയതിനെതിരെ ‘ഗവൺമെന്റ് ബിബിസിയുടെ പിന്നിൽ ഒളിച്ചിരിക്കുന്നു ‘ എന്ന് പരിഹസിക്കുന്നു.

ഒരു ലക്ഷം പെൻഷൻകാർ ഒപ്പിട്ട ഇ- പെറ്റീഷൻ ഫയൽ ചെയ്തതോടെ വിഷയത്തെക്കുറിച്ച് വിശദമായി പഠിച്ചിട്ട് തീരുമാനമെടുക്കാമെന്ന് എംപിമാർ അറിയിച്ചു. മുൻപ് എല്ലാ മുതിർന്ന പൗരന്മാർക്കും ലഭിച്ചുകൊണ്ടിരുന്ന ഫ്രീ ടി വി ലൈസൻസ് അടുത്ത ജൂൺ മുതൽ ഒറ്റ പെൻഷൻ ലഭിക്കുന്നവർക്ക് മാത്രമായി ചുരുങ്ങും. അങ്ങനെയാണെങ്കിൽ 1.2 മില്യൺ വീടുകൾക്ക് മാത്രം ഇത് ഉപകരിക്കുകയും, 3.7 മില്യൺ പെൻഷൻകാർക്ക് സേവനം ലഭിക്കാതെ ആവുകയും ചെയ്യും. ഇതാണ് വ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.