കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകക്കേസ് ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ഇന്ന് സന്ദര്‍ശിക്കും.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞുവെന്നാണ് ലോക്കല്‍ പോലീസിന്റെ വാദം. കൊലപാതകത്തില്‍ പങ്കെടുത്തവരും മുഖ്യ ആസൂത്രകരും പിടിയിലായിട്ടുണ്ട്. ഇനി അറസ്റ്റിലാകാനുള്ളത് പ്രതികളെ സഹായിച്ചവര്‍ മാത്രമാണ്. ഇവരും ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറയുന്നു.

പീതാംബരന് രാഷ്ട്രീയ വൈര്യം തീര്‍ക്കാനായി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊലപാതകം നടത്താന്‍ ഉപയോഗിച്ച വടിവാളും ഇരുമ്പ്ദണ്ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പീതാംബരന്‍ കുറ്റസമ്മതം നടത്തിയതോടെ ഇയാളുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോ മീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്.

കൊലപാതകത്തിന് ശേഷം സിപിഎം ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും നേരെ അക്രമം ഉണ്ടായിട്ടുണ്ട്. അക്രമം നടന്ന സ്ഥലങ്ങള്‍ നേതാക്കള്‍ ഇന്ന് സന്ദര്‍ശിച്ചേക്കും. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ചേക്കുമെന്ന സൂചനയും ഉണ്ട്. നേരത്തെ കുഞ്ഞിരാമന് ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിരുന്നു.