അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാന്‍ നയരേഖ തയാറാവുന്നു; ഉന്നതതല ചര്‍ച്ച ലണ്ടനില്‍; ‘കേരളാ മോഡലിന്’ പ്രശംസ

അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാന്‍ നയരേഖ തയാറാവുന്നു; ഉന്നതതല ചര്‍ച്ച ലണ്ടനില്‍; ‘കേരളാ മോഡലിന്’ പ്രശംസ
May 14 10:26 2018 Print This Article

മണമ്പൂര്‍ സുരേഷ്

ലണ്ടന്‍: റേഷന്‍ കാര്‍ഡ്, സൗജന്യ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ അവകാശങ്ങള്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക്, അവര്‍ പോകുന്ന സംസ്ഥാനത്തേക്ക് കൂടെ കൊണ്ട് പോകാനുള്ള സൗകര്യങ്ങള്‍ – portability of rights- ഇന്ത്യ മൊത്തം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ലണ്ടനില്‍ ചര്‍ച്ച നടന്നു. ഇന്ത്യയില്‍ നിന്നും 3 വിദഗ്ദ്ധരും ബ്രിട്ടനിലെ പ്രമുഖമായ മൂന്നു യൂണിവേഴ്‌സിറ്റികളും ഇതില്‍ പങ്കെടുത്തു. സസെക്‌സ്, യോര്‍ക്ക്, ഓക്‌സ്‌ഫോര്‍ഡ് എന്നീ ലോകനിലവാരമുള്ള സര്‍വകലാശാലകള്‍ പങ്കെടുക്കുകയും ഈ മൂന്നു യൂണിവേഴ്‌സിറ്റികളിലും വച്ച് നടന്ന 3 റൗണ്ട് ചര്‍ച്ചകളെത്തുടര്‍ന്ന് കരടുരേഖ തയാറാക്കി വരികയുമാണ്.

ബ്രിട്ടനിലെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലായിരുന്നു ചര്‍ച്ച. ഇന്ത്യയില്‍ നിന്നും 3 വിദഗ്ദ്ധര്‍ പങ്കെടുത്തു. സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ ഡയറക്ടര്‍ ഡോ. ഹര്‍ഷ് മേന്ദര്‍, പ്രസിദ്ധ പൊളിറ്റിക്കല്‍ ഇക്കണോമിസ്റ്റും കേരളത്തിലെ പ്ലാനിംഗ് ബോര്‍ഡ് മെമ്പറുമായ ഡോ. രവി രാമന്‍, ആജീവികാ ബ്യൂറോയിലെ പ്രിയങ്ക ജെയ്ന്‍ എന്നിവരാണ് ഇന്ത്യയില്‍ നിന്നും പങ്കെടുത്ത വിദഗ്ധര്‍. യോര്‍ക്ക് സര്‍വകലാശാലയിലെ ഡോ. ഇന്ദര്‍ജിത് റോയ് ആയിരുന്നു കോആര്‍ഡിനേറ്റര്‍.

‘കരടു രേഖ ചര്‍ച്ച ചെയ്തു. ഇത് കേരളത്തില്‍ വച്ച് രണ്ടു മാസത്തിനകം പ്രകാശനം ചെയ്യണമെന്നു വിചാരിക്കുന്നു. കേരളത്തിലെ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണനുമായി സംസാരിച്ചു പ്രകാശന വിവരങ്ങള്‍ തീരുമാനിക്കും’ എന്ന് ലണ്ടനിലെ പ്രസിദ്ധമായ ബ്രിട്ടീഷ് ലൈബ്രറിയില്‍ വച്ച് കണ്ടപ്പോള്‍ ഡോ രവി രാമന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഓരോ സംസ്ഥാനത്തെയും അവസ്ഥ പരിതാപകരമാണ് പക്ഷെ രണ്ടേ രണ്ടു സംസ്ഥാനങ്ങള്‍ മാത്രമേ ഈ അവകാശം ഇപ്പോള്‍ അനുവദിക്കുന്നുള്ളൂ – ഒന്ന് കേരളവും, മറ്റേതു ഡല്‍ഹിയും. അത് കൊണ്ട് തന്നെ ചര്‍ച്ചയില്‍ ‘കേരളാ മോഡല്‍’ ഏറെ ശ്രദ്ധ നേടി എന്ന് ഡോ. രവി രാമന്‍ പറഞ്ഞു.

അപ്നാ ഘര്‍ എന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് പാര്‍പ്പിടം നല്‍കുന്ന പരിപാടി പാലക്കാട്ട് പൂര്‍ത്തിയായി. ഇനി എറണാകുളത്തും കോഴിക്കോട്ടും ഇപ്പോള്‍ പണി തുടങ്ങും. ബഡ്ജറ്റില്‍ തുക മാറ്റി വച്ചിട്ടുണ്ട്. അത് പോലെ തന്നെ ആവാസ് പോലുള്ള ആരോഗ്യ പദ്ധതി. സര്‍വ ശിക്ഷാ അഭിയാന്റെ സഹായത്തോടു കൂടി സാക്ഷരതാ പദ്ധതിയും ആരംഭിച്ചു. ഇതൊക്കെ പറഞ്ഞപ്പോള്‍ കേരളത്തോട് വലിയ താല്പ്പര്യമായിരുന്നു ഈ യൂണിവേഴ്സിറ്റികള്‍ പ്രകടിപ്പിച്ചത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles