പൂണെ: ഐസിസില്‍ ചേരാന്‍ ഇന്ത്യയില്‍ നിന്ന് ഒരു കൗമാരക്കാരി ഐസിസില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുന്നു എന്ന് കേട്ടപ്പോള്‍ എല്ലാവരും ഞെട്ടിത്തരിച്ചുപോയി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് സിറാജുദ്ദീന്‍ അറസ്റ്റിലായപ്പോഴാണ് ഈ ഞെട്ടിപ്പിയ്ക്കുന്ന വിവരം പുറത്ത് വന്നത്. എന്തായാലും ആ പതിനേഴുകാരിയുടെ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടില്ല. മറിച്ച്, ആ കുട്ടിയെ കൗണ്‍സിലിങ്ങിനും യഥാര്‍ത്ഥ മത ഉപദേശങ്ങള്‍ക്കും വിധേയയാക്കുകയായിരുന്നു. അതിപ്പോള്‍ ഗുണം ചെയ്തു എന്ന് വേണം കരുതാന്‍. എങ്ങനെയാണ് തന്നെ ഐസിസ് വലയിലാക്കാന്‍ ശ്രമിച്ചതെന്ന് ആ പെണ്‍കുട്ടി തന്നെ പറയുന്നു.
2015 ഏപ്രിലിനും ആഗസ്റ്റിനും ഇടയിലുള്ള കാലം. കോളേജില്‍ ചേരുന്നതിന് മുമ്പുള്ള ചെറിയ ഇടവേള. ഈ സമയത്താണ് അവള്‍ ഐസിസിനെ കുറിച്ച് കൗതുകത്തോടെ അന്വേഷിയ്ക്കാന്‍ തുടങ്ങിയത്. പിന്നീട് ഐസിസിനെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിയ്ക്കാനും വായിക്കാനും തുടങ്ങി. എന്തുകൊണ്ടാണ് ആളുകള്‍ ഐസിസിനെ പിന്തുണയ്ക്കുന്നത് എന്ന് അന്വേഷിച്ചു.

ഇസ്ലാം മതം അനുസരിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെ? ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെ? അന്വേഷണം തുടര്‍ന്നപ്പോള്‍ കിട്ടിയത് ഇത്തരം വിവരങ്ങളാണ്.
പിന്നീട് ഫേസ്ബുക്കിലെത്തി. അതിന് ശേഷമാണ് ഐസിസുമായി ബന്ധപ്പെട്ട് ഗ്രൂപ്പുകളില്‍ എത്തിപ്പെടുന്നത്. ഇതോടെ വസ്ത്രധാരണ രീതിയെല്ലാം മാറി. പര്‍ദ്ദ ഉപയോഗിയ്ക്കാന്‍ തുടങ്ങി.

ഓണ്‍ലൈനിലെ ഐസിസ് ഗ്രൂപ്പുകളില്‍ ഇവളായിരുന്നു ഏറ്റവും ചെറുപ്പം. അതുകൊണ്ട് തന്നെ എല്ലാവരും തുടര്‍ച്ചയായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. 24 മണിക്കൂറും ഓണ്‍ലൈനില്‍ എന്ന അവസ്ഥയിലെത്തി. മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കാം എന്നായിരുന്നു ഐസിസിന്റെ ഭാഗത്ത് നിന്നുള്ള വാഗ്ദാനം. പരിക്കേല്‍ക്കുന്ന പോരാളികളെ ചികിത്സിയ്ക്കാനും പരിചരിയ്ക്കാനും വേണ്ടിയാണിത്.

ഭീകര വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ ആദ്യം ശരിയ്ക്കും ഭയന്നുപോയി. പക്ഷേ അവരോടിപ്പോള്‍ നന്ദിയാണുള്ളത്. ഐസിസിന്റെ കറുത്ത കരങ്ങളില്‍ നിന്ന് രക്ഷിച്ചത് അവരാണ്. മത പണ്ഡിതര്‍ തനിയ്ക്ക് സത്യമെന്താണന്ന് ബോധ്യപ്പെടുത്തിത്തന്നു. ഇതിന് സഹായിച്ചത് ഭീകര വിരുദ്ധ സേനയാണ്.

ഇത് തന്നെ സംബന്ധിച്ച് ഒരു പുതിയ ജീവിതമാണ്. ഐസിസിന്റെ ചതിക്കുഴികളില്‍ വീഴുന്നവരെ തിരികെ മാറ്റിയെടുക്കാന്‍ സഹായിക്കാമെന്ന് തീവ്രവാദ വിരുദ്ധ സേനയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്