ഏറ്റുമാനൂര്‍: പുതിയമുഖവുമായി അണിഞ്ഞൊരുങ്ങിയ ഏറ്റുമാനൂര്‍ റയില്‍വെ സ്റ്റേഷന് ജോസ് കെ.മാണി എം.പിയുടെ പച്ചക്കൊടി. കേരളാ എക്‌സ്പ്രസ്സിന് ജോസ് കെ.മാണി പച്ചക്കൊടികാട്ടിയതോടെ ഏറ്റുമാനൂരിലെ നവീകരിച്ച സ്റ്റേഷനിലൂടെ ട്രെയിനോടി തുടങ്ങി. ആധുനിക സൗകര്യങ്ങളോടുകൂടി നീണ്ടൂര്‍ റോഡിന്റെയും അതിരമ്പുഴ റോഡിന്റെയും മധ്യത്തിലായാണ് പുതിയ സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാതഗതം 6 മണിക്കൂര്‍ നേരത്തേക്ക് പൂര്‍ണ്ണമായും നിര്‍ത്തലാക്കികൊണ്ടാണ് സ്റ്റേഷനില്‍ പുതുതായി നിര്‍മ്മിച്ച മൂന്നാം നമ്പര്‍ ട്രാക്കി ട്രാക്കിലൂടെ ട്രെയിന്‍ കടത്തിവിട്ടത്്. ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ നിലവിലെ ട്രാക്കുകളോടൊപ്പം പുതുതായി രണ്ട് ട്രാക്കുകള്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട്. സ്റ്റേഷനിര്‍ പുതുതായി നിര്‍മ്മിച്ച ഫുട്ട് ഓവര്‍ ബ്രിഡ്ജില്‍ക്കൂടി യാത്രക്കാക്ക് പ്ലാറ്റ് ഫോം ഒന്നില്‍ നിന്നും രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളിലേക്ക് കടക്കാനാവും. കൂടാതെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടര്‍, ബാത്ത്‌റൂമുകള്‍, സ്റ്റേഷന്‍ മാസ്റ്റര്‍ റൂം, വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ സ്റ്റേഷനിലണ്ട്. പ്ലാറ്റ്‌ഫോമുകള്‍ ടൈലുകള്‍പാകി മനോഹരമാക്കിയിട്ടുണ്ട്.കൂടാതെ സ്റ്റേഷനോട് ചേര്‍ന്നുള്ള നീണ്ടൂര്‍ റോഡിലെ മേല്‍പ്പാലം വീതി കൂട്ടി ഫുട്ട് പാത്തോടുകൂടി പുനര്‍നിര്‍മ്മിച്ചു. അവസാനഘട്ട ജോലികള്‍ കൂടി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കി മേല്‍പ്പാലം നാടിന് സമര്‍പ്പിക്കും. ഇനി സ്റ്റേഷനിലെ രണ്ടാം ഘട്ട ജോലികള്‍ക്ക് തുടക്കമാവും. നിലവിലെ ട്രാക്കുകള്‍ റിഗ്രേഡ് ചെയ്യുന്ന ജോലികള്‍ക്ക് ഉടന്‍ തുടക്കമാവും.
കഴിഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ കാലത്ത് ഏറ്റുമാനൂര്‍ ഉള്‍പ്പടെയുള്ള കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ സ്റ്റേഷനുകളേയും ആദര്‍ശ് സ്റ്റേഷന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്റ്റേഷന്‍ മാറ്റിസ്ഥാപിക്കണമെന്നത് നാട്ടുകാരുടേയും, തീര്‍ത്ഥാടകരുടേയും, സ്ഥിരം യാത്രക്കാരുടേയും വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഇതുസംബന്ധിച്ച് ജോസ് കെ.മാണി എം.പി റെയില്‍വേ മന്ത്രിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും വിശദമായ രൂപരേഖ സമര്‍പ്പിക്കുകയും നിരന്തര ഇടപെടല്‍ നടത്തുകയും ചെയ്തിരിരുന്നു. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്കും, ജില്ലയിലെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്കും കൂടുതല്‍ പ്രയോജനകരമാകും പുതിയ സ്‌റ്റേഷന്‍. നീണ്ടൂര്‍അതിരമ്പുഴ റോഡിന്റെ ഇടയിലേക്ക് മാറ്റി സ്ഥാപിച്ചതോടെ ജില്ലയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ക്കും എം.ജി യൂണിവേഴ്‌സിറ്റി, മെഡിക്കല്‍ കോളേജ്, മാന്നാനം തുടങ്ങിയ ഭാഗങ്ങളിലേയ്ക്ക് പോകുന്ന യാത്രക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാകും. പുതിയ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായതോടെ ഇനി കൂടുതല്‍ ട്രെയിനികള്‍ക്ക് സ്റ്റോപ്പ് അനുവദിപ്പിക്കുവാനുള്ള നിരന്തര പരിശ്രമം ഉണ്ടാകുമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു.
കുറുപ്പുന്തുറ മുതല്‍ ഏറ്റുമാനൂര്‍വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികളും അവസാനഘട്ടത്തിലാണ്. അടുത്ത മാര്‍ച്ച് ഏപ്രില്‍ മാസത്തോടെ ഏറ്റുമാനൂര്‍ വരെയുള്ള ഇരട്ടപ്പാതയും യാഥാര്‍ത്ഥ്യമാവും. അതോടൊപ്പം തന്നെ ഏറ്റുമാനൂരില്‍ നിര്‍മ്മാണം തുടങ്ങാന്‍പോകുന്ന രണ്ടാം ഘട്ട ജോലികളും പൂര്‍ത്തിയാവും. മനക്കപ്പാടത്തുള്ള റയില്‍വെ അടിപ്പാതയുടെ ഉയരംകൂട്ടിയതിനുശേഷം പാത വീതി കൂട്ടി പുനര്‍നിര്‍മ്മിക്കുമെന്നും എം.പി പറഞ്ഞു.