ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡിന്റെ താണ്ഡവത്തിൽ ലോകം മരവിച്ചു നിന്നപ്പോൾ, ആഘോഷങ്ങളും ഒത്തുചേരലുകളും നിലച്ചപ്പോൾ സ്വന്തം ഗാർഡനിൽ പുതിയ പരീക്ഷണങ്ങളുമായി ഇറങ്ങിത്തിരിച്ച ഒരു യുകെ മലയാളിയാണ് ഞങ്ങൾ ഇന്ന് വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.

സാലിസ്ബറി സ്ഥിരതാമസമാക്കിയ ബിജു മൂന്നാനപ്പള്ളിൽ ആണ് ടയറിൽ പൂച്ചട്ടികൾ നിർമ്മിച്ച് തങ്ങളുടെ ഗാർഡൻ മനോഹരമാക്കിയത്. കേരളത്തിൽ ഈ രീതിയിലുള്ള ചട്ടികൾ ഉണ്ടെങ്കിലും യുകെയിൽ ഇതാദ്യമായാണ് ഒരു മലയാളി ടയറിൽ പൂച്ചട്ടികൾ നിർമിക്കുന്നത്. തന്റെ ഒഴിവ് ദിവസങ്ങളിൽ ഗാർഡനിൽ ചെടികളോടൊത്ത് സമയം ചെലവഴിക്കാനാണ് ബിജു കൂടുതലും താൽപര്യം കാണിക്കുന്നത്. ഒരു തികഞ്ഞ കർഷകനായ തൻറെ പിതാവ് തോമ്മച്ചൻ മൂന്നാനപ്പള്ളിൽനിന്ന് ലഭിച്ച പ്രചോദനമാണ് പൂന്തോട്ടത്തിൽ ഇത്തരത്തിലുള്ള ജോലികൾ ചെയ്യാനായിട്ടും പൂക്കളോടും ചെടികളോടും വൃക്ഷങ്ങളോടുമൊപ്പം കൂടുതൽ സമയം ചിലവഴിക്കാനായിട്ടും കാരണമാകുന്നത്. സാലിസ്ബറി മലയാളി അസോസിയേഷനിലെ ഒരു സജീവ പ്രവർത്തകനായ ബിജു മൂന്നാനപ്പള്ളിൽ കോട്ടയം ചോലത്തടം സ്വദേശിയാണ്. ഗാർഡനിൽ സഹായവുമായി ഭാര്യ രാജിയും മക്കളായ അലീനയും അനീറ്റയും കൂടെ തന്നെയുണ്ട്.

പണം അധികം ചിലവഴിക്കാതെ കുറച്ചു കായിക ബലം കൊടുത്താൽ വിവിധ രീതിയിലുള്ള മനോഹരങ്ങളായ ചെടിച്ചട്ടികൾ നിർമ്മിക്കാൻ പറ്റുമെന്നാണ് ബിജു പറയുന്നത് .നമ്മുടെ ഭാവന അനുസരിച്ച് കട്ട് ചെയ്ത് കളർ അടിച്ച് ചട്ടികൾ മനോഹരമാക്കാം . അടുത്ത വർഷം ടയർ കൊണ്ടു തന്നെ വ്യത്യസ്തങ്ങളായ കുറെ സാധനങ്ങൾ കൂടി നിർമ്മിക്കാൻ ബിജു പ്ലാൻ ചെയ്യുന്നു. എല്ലാ മലയാളികളുടെ വീടുകളിലും ഒരു ടയറിന്റെ പൂച്ചട്ടി എങ്കിലും കാണണമെന്നാണ് ബിജുവിന്റെ ആഗ്രഹം.

ഗാർഡനിംഗിനോടൊപ്പം യുകെയിലെ ഒരു അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ കൂടിയാണ് ബിജു മൂന്നാനപ്പള്ളിൽ. (BTM ഫോട്ടോഗ്രാഫി) യുക്മയുടെ ആരംഭകാലം മുതൽ എല്ലാ പ്രോഗ്രാമുകളും ചെയ്തിരുന്ന അദ്ദേഹം ഇപ്പോൾ യു.കെ യിലെ ഒട്ടുമിക്ക സ്റ്റേജ് പ്രോഗ്രാമുകളും കവർ ചെയ്തു വരുന്നു. ഭാര്യ രാജി സാലിസ്ബെറി ഡിസ്ട്രിക് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്നു .രണ്ട് പെൺകുട്ടികൾ, അലീനയും, അനീറ്റയും. കലാകായിക മേഘലകളിൽ ഇവർ ഒട്ടനവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് .

ബിജു മൂന്നാനപ്പള്ളിൽ ഭാര്യ രാജിയ്ക്കും മക്കളായ അലീനയ്ക്കും അനീറ്റയ്ക്കും ഒപ്പം