ഷിജി ചീരംവേലില്‍
വിയന്ന: ഓസ്ട്രിയയിലെ സ്കൂള്‍ കുട്ടികളില്‍ ഏതാണ്ടു പകുതി മുക്കാലോളം വിദ്യാര്‍ത്ഥികള്‍ ശരീരം വണ്ണംവയ്ക്കുന്നതില്‍ ആശങ്കപ്പെടുന്നവരാണെന്നു റിപ്പോര്‍ട്ട്. അതായത് 16 വയസിനു താഴെ പ്രായമുള്ള കുട്ടികളില്‍ ഏകദേശം എഴുപതു ശതമാനത്തോളം പേരും സമീകൃതാഹാരം മാത്രം കഴിച്ച് ശരീര ഭംഗി കാത്തുസൂക്ഷിക്കുന്നവരുമാണ്.

സ്ത്രീകളുടെ ആരോഗ്യത്തെ സംബന്ധിച്ച് നടത്തിയ പഠനത്തോടനുബന്ധിച്ചാണു സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തിയത്. 12 നും 17 നുമിടയില്‍ പ്രായമുള്ള 1,329 കുട്ടികളിലാണ് സര്‍വേ നടത്തിയത്. ഇതില്‍ 737 പേര്‍ പെണ്‍കുട്ടികളും 592 പേര്‍ ആണ്‍കുട്ടികളുമായിരുന്നു.

ഇതനുസരിച്ച് ഓസ്ട്രിയയിലെ പെണ്‍കുട്ടികളില്‍ 75 ശതമാനവും ശരീരവടിവ് ആഗ്രഹിക്കുന്നവരും. മറിച്ച് ആണ്‍കുട്ടികളില്‍ മൂന്നിലൊന്നിന് മാത്രമേ ശരീരവടിവ് ആഗ്രഹമുള്ളൂ. പെണ്‍കുട്ടികളില്‍ 75 ശതമാനവും അമിത വണ്ണത്തെപ്പറ്റി ആശാങ്കാകുലരാകുമ്പോള്‍ ആണ്‍കുട്ടികളില്‍ 14.5 ശതമാനം പേര്‍ക്കേ അത്തരം ആശങ്കയുള്ളൂ. പെണ്‍കുട്ടികളില്‍ 31.5 ശതമാനവും ആണ്‍കുട്ടികളില്‍ 17.5 ശതമാ
നവും ഡയറ്റിംഗ് നോക്കുമ്പോള്‍ 16 വയസുള്ള പെണ്‍കുട്ടികളില്‍ 52.9 ശതമാനവും ഡയറ്റ് പാലിക്കുന്നവരാണ്.

മിഡില്‍ സ്കൂളുകളിലെ കുട്ടികളില്‍ 18.3 ശതമാനം പെണ്‍കുട്ടികളും 27.3 ശതമാനം ആണ്‍കുട്ടികളും അമിതവണ്ണക്കാരാണ്. ശരീര വണ്ണവും ശരീരാകൃതിയുമാണ് സ്കൂള്‍ കുട്ടികളുടെ സൗഹൃദ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാമത്തേത്, രണ്ടാമത്തെ വിഷയമാകട്ടെ കുടുംബത്തിലെ തമ്മില്‍തല്ലും!

കുട്ടികളില്‍ ഭക്ഷണം ക്രമംതെറ്റി കഴിക്കുന്നവര്‍ 29.7 ശതമാനം പെണ്‍കുട്ടികളും 14.6 ശതമാനം ആണ്‍കുട്ടികളും പെടുന്നു. 13 ശതമാനം പെണ്‍കുട്ടികളും വിശപ്പ് കുറയ്ക്കുന്നതിനുള്ള ഭക്ഷണങ്ങള്‍ കഴിഞ്ഞ മൂന്ന് മാസമായി കഴിക്കുന്നവരായിരുന്നു.