‘സ്റ്റാർ സിങ്ങറാകാൻ മൽസരിക്കുന്ന കുട്ടിയുടെ മുഖത്ത്, എന്തിനാ ഇന്ത്യൻ പ്രധാനമന്ത്രി ആവാൻ മത്സരിക്കുന്ന ഇങ്ങടെ ഗൗരവമുള്ള ചിഹ്നം ഒട്ടിച്ചതെന്ന് അങ്ങട് ചോയിക്ക് ന്റെ ടീച്ചറേ..’ ഷാഫി പറമ്പിൽ എംഎൽഎയുടെ ഇൗ കുറിപ്പോടെ വീണ്ടും സജീവ ചർച്ചയാവുകയാണ് ആലത്തൂരും രമ്യാ ഹരിദാസും. ആലത്തൂരിെല യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പു പ്രചാരണ പോസ്റ്ററുകള്‍ മണ്ഡലത്തില്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനെതിരയാണ് ഷാഫിയുടെ രോഷക്കുറിപ്പ്.

രമ്യയുടെ പോസ്റ്ററിൽ സ്ഥാനാർഥിയുടെ മുഖത്ത് അരിവാള്‍ ചുറ്റിക നക്ഷത്രമുളള പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്. ഇത്തരത്തിൽ ഒട്ടേറെ പോസ്റ്റുകൾ നശിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ വൻരോഷമാണ് ഉയരുന്നത്. ദീപാ നിശാന്ത് രമ്യയെ പരിഹസിച്ച വാചകം ഉയർത്തിയാണ് ഷാഫിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘പാട്ട് പാടാൻ മാത്രല്ല പോസ്റ്ററൊട്ടിക്കാനും പാടില്ലാല്ലേ..’ എന്ന് ഷാഫി പറമ്പിൽ കുറിപ്പിൽ ചോദിക്കുന്നു.
കാവശേരി വക്കീല്‍പടിയില്‍ മതിലില്‍ പതിച്ചിരുന്ന പോസ്റ്ററുകള്‍ നശിപ്പിച്ചത് സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. രണ്ട് ദിവസം മുന്‍പാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ രമ്യ ഹരിദാസിന്റെ ചിത്രമുളള പോസ്റ്റര്‍ മതിലില്‍ പതിച്ചത്.