ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ബ്രിട്ടനിൽ ശരത്കാലത്തിന് തുടക്കമായതോടെ പനിയും ജലദോഷവും ഉൾപ്പടെയുള്ള രോഗങ്ങളും ജനങ്ങളെ പിടികൂടിയിരിക്കുകയാണ്. എന്നാൽ രോഗങ്ങൾ ഉണ്ടായാൽ പോലും സിക്ക് ലീവ് എടുക്കാതെ പണിയെടുക്കുന്നവർ വർധിച്ചുവരികയാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. 25നും 34നും ഇടയിൽ പ്രായമുള്ളവരിൽ 84% പേരും രോഗികളായിരിക്കുമ്പോൾ തന്നെ ജോലിയിൽ തുടരുകയാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻ‌എസ്) കണക്കുകൾ പ്രകാരം സിക്ക് ലീവ് എടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. 1993 മുതൽ ഓരോ ജോലിക്കാരും പ്രതിവർഷം എടുക്കുന്ന സിക്ക് ലീവിൻെറ എണ്ണം ഏതാണ്ട് പകുതിയായി. ഒരു വർഷം ഒരു വ്യക്തി 7.2 ദിവസങ്ങൾ സിക്ക് ലീവ് എടുത്തിരുന്നു. എന്നാൽ 2017ൽ ഇത് 4.1ലേക്ക് താഴ്ന്നു.

തൊഴിൽ മേഖലയിൽ ഇത് ഗുണം ചെയ്യുമെങ്കിലും ശരീരം മറന്നുള്ള ജോലി അപകടം ക്ഷണിച്ചുവരുത്തും. അവധി എടുക്കാൻ ജനങ്ങൾ ഭയപ്പെടുന്നു. ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ അവഗണിച്ചുകൊണ്ട് ജോലിക്ക് പോവുന്നത് പിന്നീട് ഗുരുതര പ്രശ്നങ്ങൾക്കാവും വഴിയൊരുക്കുക. രോഗികളായിരിക്കുമ്പോൾ തന്നെ പണിയെടുത്തവർ 86% പേരാണ്. ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണൽ ആൻഡ് ഡവലപ്മെന്റ് (സിഐപിഡി) ഈ വർഷം പുറത്തുവിട്ട കണക്കാണിത്. 2010ൽ ഇത് വെറും 26% ആയിരുന്നു.

ഇത്തരം അവസ്ഥകൾ ഒരു വ്യക്തിയെ മാനസികമായും ബാധിക്കുന്നു. മാനസിക സമ്മർദം, വിഷാദം തുടങ്ങിയവ വർധിച്ചുവരുന്നു. എൻ എച്ച് എസിന്റെ കണക്കുകൾ പ്രകാരം മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലം 5 മില്യൺ ആളുകൾക്ക് ജോലി നഷ്ടപ്പെട്ടമായി. 99 ബില്യൺ പൗണ്ടിന്റെ നഷ്ടമാണ് ഇതുമൂലം യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടായത്. മാനസികാരോഗ്യ ചാരിറ്റി ആയ മൈൻഡിന്റെ കണക്കുകൾ പ്രകാരം 48% യുകെ തൊഴിലാളികൾക്ക് ജോലി സംബന്ധമായ അനേക പ്രശ്നങ്ങൾ ഉണ്ട്. ഇവരിൽ പകുതി പേർ മാത്രമേ അവരുടെ മാനേജർമാരുമായി സംസാരിച്ചിട്ടുള്ളൂ. അമിത ജോലി ഭാരം തന്നെയാണ് ഇത്തരം അവസ്ഥകളിലേക്ക് നയിക്കുന്നത്. രാഷ്ട്രത്തെ താങ്ങി നിർത്തുന്ന തൊഴിലാളികൾ സ്വന്തം ആരോഗ്യം സംരക്ഷിക്കാതെ പണിയെടുക്കുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതിനു കാരണമാകും. ഒപ്പം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്ന കാര്യവും വിസ്മരിച്ചുകൂടാ.