ഈ ചെറിയ പിഴവുകള്‍ മതി നിങ്ങളുടെ കാര്‍ ഇന്‍ഷുറന്‍സ് അസാധുവാകാന്‍! ലക്ഷക്കണക്കിന് ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് നഷ്ടപ്പെടാന്‍ സാധ്യത

ഈ ചെറിയ പിഴവുകള്‍ മതി നിങ്ങളുടെ കാര്‍ ഇന്‍ഷുറന്‍സ് അസാധുവാകാന്‍! ലക്ഷക്കണക്കിന് ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് നഷ്ടപ്പെടാന്‍ സാധ്യത
October 16 05:39 2018 Print This Article

ഒരു ചെറിയ പിഴവു പോലും നിങ്ങളുടെ കാര്‍ ഇന്‍ഷുറന്‍സ് ഇല്ലാതാക്കിയേക്കാമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളുടെ മുന്നറിയിപ്പ്. കാറുകളില്‍ മിക്കയാളുകളും മോഡിഫിക്കേഷനുകള്‍ വരുത്താറുണ്ട്. എന്നാല്‍ ഇക്കാര്യം ഇന്‍ഷുറന്‍സ് കമ്പനിയെ യഥാസമയം അറിയിച്ചില്ലെങ്കില്‍ ഇന്‍ഷുറന്‍സ് നിങ്ങള്‍ക്ക് നഷ്ടമായേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കാറുകളുടെ മേല്‍ ചെയ്യുന്ന സ്‌പെഷ്യല്‍ പെയിന്റ് വര്‍ക്കുകളോ പതിക്കുന്ന സ്റ്റിക്കറുകളോ പോലും ഫാക്ടറി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചല്ലെന്ന് വിലയിരുത്തപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് നഷ്ടമാകാന്‍ ഇതു കാരണമായേക്കാം. വാഹനം മോഷണം പോകുകയോ അപകടങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ ലഭിക്കേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ ഇത്തരം പിഴവുകളിലൂടെ ഇല്ലാതായേക്കാം. കാറിലുള്ള എന്തെങ്കിലും നോണ്‍ സ്റ്റാന്‍ഡേര്‍ഡ് ആണെന്ന് വിലയിരുത്തപ്പെട്ടാല്‍ അത് അനധികൃത മോഡിഫിക്കേഷനായി കണക്കാക്കും.

വെറും 1.6 ശതമാനം വാഹന ഉടമകള്‍ മാത്രമാണ് തങ്ങളുടെ കാറുകളില്‍ വരുത്തിയ മാറ്റങ്ങള്‍ അറിയിക്കാറുള്ളതെന്ന് പഠനം പറയുന്നു. നിങ്ങളുടെ കാറിന്റെ ഫാക്ടറി സ്റ്റാന്‍ഡേര്‍ഡിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുകയെന്നത് നിര്‍ബന്ധമായും വേണമെന്ന് ഗോകംപെയര്‍ വാഹന ഉടമകളോട് നിര്‍ദേശിക്കുന്നു. ഇതിനു മേല്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുകയും വേണം. ബോഡി കിറ്റ്, എക്‌സോസ്റ്റ് സിസ്റ്റം, സസ്‌പെന്‍ഷന്‍ എന്നിവയില്‍ വരുത്തുന്ന മാറ്റങ്ങള്‍ മാത്രമല്ല മോഡിഫിക്കേഷനായി കണക്കാക്കുകയെന്ന് ഡ്രൈവര്‍മാര്‍ അറിഞ്ഞിരിക്കണമെന്ന് ഗോകംപെയര്‍ ഇന്‍ഷുറന്‍സ് കമ്പനി വക്താവ് മാറ്റ് ഒലിവര്‍ പറയുന്നു.

യൂസ്ഡ് കാറുകള്‍ വാങ്ങുന്നവര്‍ക്ക് ഇക്കാര്യത്തില്‍ അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. അലോയ് വീലുകള്‍ ഘടിപ്പിക്കുക, സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനം, ടിന്റഡ് വിന്‍ഡോകള്‍ എന്നിവയും മോഡിഫിക്കേഷന്റെ പരിധിയില്‍ വരുന്നവയാണ്. ഫാക്ടറി സ്റ്റാന്‍ഡേര്‍ഡ് എന്താണെന്ന് അറിയുകയാണ് ഈ പിഴവ് സംഭവിക്കാതിരിക്കാനുള്ള ഏക മാര്‍ഗ്ഗം. മോഡിഫിക്കേഷനുകള്‍ സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ഉള്ളത്. അതുകൊണ്ടുതന്നെ കാറുകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ എത്രയും വേഗം കമ്പനികളെ അറിയിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles