വാഗ്ദത്ത ഭൂമി നഷ്ടപെട്ട ഇസ്രായേല്‍ പ്രവാസത്തിലായതുപോലെ. അരീക്കാട്ടച്ചനിലൂടെ ലെസ്റ്ററിലെ ബ്ലെസ്സഡ് സാക്രമെന്റ് ദേവാലയത്തില്‍ 2004 തുടങ്ങിയ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ പ്രയാണം ചെറിയ ഇടവേളയ്ക്കു ശേഷം ലെസ്റ്ററില്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ പുനര്‍വിഷ്‌കരിക്കപ്പെട്ടിരിക്കുകയാണ്. ദൈവം ഇസ്രയേലിനെ വീണ്ടും തിരിച്ചു വാഗ്ദത്ത നാട്ടിലേക്കു കൊണ്ടുവന്നതുപോലെ ദൈവാനുഗ്രഹത്തിന്‍ അസുലഭ നിമിഷമായി ഗ്രേറ്റ് ബ്രിട്ടന്‍ സിറോമലബാര്‍ രൂപതയുടെ യുകെയില്‍ സ്ഥാപിക്കപ്പെടുന്ന മുപ്പതാമത്തെ മിഷന്‍. ഏപ്രില്‍ 28 ന് ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷന്‍ തുടക്കമാകുന്നു.യുകെയിലെ ആദ്യകാല മാസ്സ് സെന്റര്‍ 15 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് മിഷന്‍ ആയി ഉയര്‍ത്തപ്പെടുന്നത്. യുകെയിലെ വിശ്വാസ സമൂഹം എന്നും അസൂയയോട് കണ്ടിരുന്ന സ്ഥലമായിരുന്നു ലെസ്റ്റര്‍. എല്ലാ ഞായര്‍ ദിനങ്ങളിലെ കുര്‍ബാന,വര്‍ഷത്തിലെ പ്രധാന തിരുന്നാള്‍ തുടങ്ങി നാട്ടിലെ ഇടവകകളിലെ പ്രധാന പരിപാടികളെല്ലാം ലെസ്റ്ററില്‍ നടത്തപ്പെടുന്നു.

മാര്‍ത്തോമാ ശ്ലീഹ തെളിച്ചു തന്ന വിശ്വാസ ചൈതന്യം സഭയോടൊത്തു ചേര്‍ന്ന് നിന്ന് അഭംഗുരം ജീവിതത്തില്‍ പാലിച്ചുകൊണ്ട് സൗഹാര്‍ദത്തിന്റെ സ്‌നേഹത്തിന്റെയും പങ്കുവെയ്ക്കലിന്റെയും വേദിയാക്കി മാറ്റുവാന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷനിലൂടെ സാധിക്കട്ടെ.നോട്ടിങ്ഹാം രൂപത അദ്യക്ഷന്‍ അഭിവന്ദ്യ പാട്രിക് പിതാവ്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അദ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ , വികാരി ജനറാള്‍മാര്‍ , നോട്ടിങ്ഹാം രൂപതയിലെ വൈദികര്‍. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ വൈദികര്‍, ഇംഗ്ലീഷ് കമ്മ്യൂണിറ്റി അംഗങ്ങള്‍, ഇടവക അംഗങ്ങള്‍ എന്നിവര്‍ സന്നിഹതരാകുന്ന ദൈവാനുഹ്രഹത്തിന്റെ ഈ പുണ്യ നിമിഷത്തില്‍ സ്‌നേഹത്തോടെ ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തിലേക്ക് ഏവരെയും സ്വാഗതം ചെയുന്നു.