ഫാ. ബിജു കുന്നയ്ക്കാട്ട് PRO

എയ്ല്‍സ്ഫോര്‍ഡ്, കെന്റ് : പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതവും വിശുദ്ധ സൈമണ്‍ സ്റ്റോക്കിന്റെ പ്രവര്‍ത്തനഭൂമികയുമായിരുന്ന എയ്ല്‍സ്ഫോര്‍ഡ് പ്രയറിയിലേക്ക് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ ആണ്ടുതോറും നടത്തിവരാറുള്ള മരിയന്‍ തീര്‍ത്ഥാടനം 2019 മെയ് 25 ശനിയാഴ്ച നടക്കും. കഴിഞ്ഞ വര്‍ഷം മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയാണ് ഈ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത്. ഇംഗ്ലണ്ടിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഈ പുണ്യഭൂമിയിലേക്ക് എയ്ല്‍സ്ഫോര്‍ഡ് മാതാവിന്റെ മാധ്യസ്ഥം തേടി ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തുന്നത്. രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട കഴിഞ്ഞ വര്‍ഷത്തെ തീര്‍ത്ഥാടനം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ പുണ്യഭൂമിയും, ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്ഫോര്‍ഡ്. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം മരിയഭക്തര്‍ അനുഗ്രഹം തേടിയെത്തുന്ന ഈ വിശുദ്ധാരാമത്തിലേക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് വിശ്വാസ തീര്‍ത്ഥാടനം നടക്കുക.

ഉച്ചക്ക് പന്ത്രണ്ടുമണിക്കു എയ്ല്‍സ്ഫോര്‍ഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ നടത്തപെടുന്ന കൊന്തപ്രദിക്ഷണത്തിനു ശേഷം തീര്‍ത്ഥാടകര്‍ക്ക് കഴുന്ന്, മുടി എന്നിവ എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 1.15 ന് പ്രശസ്ത വചനപ്രഘോഷകനും ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ യുകെ ഡയറക്ടറുമായ റവ. ഫാ. ജോര്‍ജ് പനക്കല്‍ മരിയന്‍ പ്രഭാഷണം നടത്തും. അതിനുശേഷം വിശുദ്ധരുടെ രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. എയ്ല്‍സ്ഫോര്‍ഡ് കര്‍മലീത്താ ആശ്രമത്തിലെ പ്രിയോര്‍ റവ. ഫാ. ഫ്രാന്‍സിസ് കെംസ്ലി തീര്‍ത്ഥാടകരെ ഈ വിശുദ്ധ ഭൂമിയിലേക്ക് സ്വാഗതം ചെയ്യും. ഉച്ചകഴിഞ്ഞ് 2 മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാന നടക്കും. രൂപതയിലെ വികാരി ജനറാള്‍മാരും വിവിധ റീജിയനുകളില്‍നിന്നും വിശ്വാസികള്‍ക്കൊപ്പം എത്തുന്ന വൈദികരും തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികരാകും. വിശുദ്ധകുര്‍ബാനക്കു ശേഷം വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കര്‍മ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണം നടക്കും. പ്രദക്ഷിണത്തിനു ശേഷം വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന ആശീര്‍വാദത്തോടെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന് സമാപനമാകും.

തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്കായി കോച്ചുകളും കാറുകളും പാര്‍ക്ക് ചെയ്യുവാന്‍ പ്രത്യേക പാര്‍ക്കിംഗ് ഗ്രൗണ്ടും പാര്‍ക്കിംഗ് നിയന്ത്രിക്കുവാന്‍ പരിശീലനം ലഭിച്ച വോളണ്ടിയേഴ്സും ഉണ്ടാകും. തീര്‍ത്ഥാടകര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നതിന് വിവിധ ഭക്ഷണ സ്റ്റാളുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രൂപതയിലെ എല്ലാ മിഷന്‍ സെന്ററുകളുടെയും സംയുക്തമായ സഹകരണത്തോടെ നടത്തപ്പെടുന്ന തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ടോമി എടാട്ട്, ജനറല്‍ കണ്‍വീനര്‍മാരായ ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍, ലിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു. എല്ലാ വിശ്വാസികളെയും ശനിയാഴ്ച നടക്കുന്ന തീര്‍ത്ഥടനത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍ (07832374201), ലിജോ സെബാസ്റ്റ്യന്‍ (07828874708)

അഡ്രസ്: The Friars, Aylesford Carmalite Priory, Kent ME20 7BX