1200ലേറെ മത്സരാര്‍ത്ഥികള്‍ പത്തു വേദികളിലായി മാറ്റുരയ്ക്കുന്നു; യൂറോപ്പില്‍ ചരിത്രമെഴുതാനൊരുങ്ങുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന് ഇനി രണ്ടു നാള്‍ മാത്രം!

1200ലേറെ മത്സരാര്‍ത്ഥികള്‍ പത്തു വേദികളിലായി മാറ്റുരയ്ക്കുന്നു; യൂറോപ്പില്‍ ചരിത്രമെഴുതാനൊരുങ്ങുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന് ഇനി രണ്ടു നാള്‍ മാത്രം!
November 08 04:30 2018 Print This Article

ഫാ. ബിജു കുന്നയ്ക്കാട്ട്

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന് തിരി തെളിയാന്‍ ഇനി രണ്ടു നാള്‍ മാത്രം. ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം ആതിഥ്യമരുളുന്ന ബൈബിള്‍ കലോത്സവം ദൈവ വചനം കലാ രൂപങ്ങളിലൂടെ വേദിയിലെത്തുന്ന മഹനീയമായ മുഹൂര്‍ത്തമാണ്. എട്ട് റീജീയണുകളില്‍ പ്രാഥമിക മത്സരം പൂര്‍ത്തിയാക്കി രൂപതാതല മത്സരത്തിനെത്തുന്ന മത്സരാര്‍ത്ഥികളുടെ എണ്ണം ഇക്കുറി പതിവിലും ഏറെയാണ്. 1217 മത്സരാര്‍ത്ഥികള്‍ വേദിയിലെത്തുന്നതിനാല്‍ തന്നെ പത്തു വേദികളിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 8.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രാവിലെ 8.30ന് രജിസ്ട്രേഷന്‍ ആരംഭിക്കുന്നതിനാല്‍ എല്ലാവരും അതാത് റീജണല്‍ അംഗങ്ങള്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെട്ട് കൃത്യ സമയത്ത് തന്നെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബാഡ്ജുകള്‍ കൈപ്പറ്റണം. പത്തു വേദികള്‍ ഉള്ളതിനാല്‍ ഒരേ സമയം രണ്ടു വേദികളില്‍ മത്സരം വരുന്ന സാഹചര്യമുണ്ടെങ്കില്‍ കോര്‍ഡിനേറ്റേഴ്സിനെ മത്സരാര്‍ത്ഥികള്‍ നേരത്തെ വിവരം അറിയിക്കണം.

സൗത്ത് മീഡ് ഗ്രീന്‍ വേ സെന്ററിലെ പ്രധാന വേദിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ബൈബിള്‍ പ്രതിഷ്ഠ നടത്തുന്നതോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. പ്രധാന വേദിയില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ ലൈവായി സൗത്ത് മീഡ് കമ്യൂണിറ്റി സെന്ററില്‍ കാണിക്കുന്നതായിരിക്കും. പ്രതിഷ്ഠാ ചടങ്ങിന് ശേഷം ഉടന്‍ തന്നെ മത്സരങ്ങള്‍ വേദിയില്‍ ആരംഭിക്കും. പ്രധാന വേദിയില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള കമ്യൂണിറ്റി സെന്ററ്റിലെ 2 വേദികളിലേക്ക് പ്രത്യേക യാത്രാ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

സമയം പാലിക്കുക എന്നത് തന്നെയാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കാര്യം. സംഘാടകര്‍ക്ക് ഇത്രയും മത്സരാര്‍ത്ഥികള്‍ക്ക് മാറ്റുരയ്ക്കാന്‍ അവസരം നല്‍കുന്ന വലിയ ചുമതലയ്ക്കൊപ്പം ഇത് നിര്‍ദ്ദിഷ്ഠ സമയത്ത് പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. ഇടതടവില്ലാതെ പരിപാടികള്‍ നടക്കും. വൈകീട്ട് 6.30ന് പൊതുസമ്മേളനവും സമ്മാന ദാനവും നടക്കും. അകലെ നിന്ന് വരുന്നവര്‍ക്ക് നേരത്തെ സമ്മാനം സ്വീകരിച്ചു മടങ്ങാന്‍ അവസരം നല്‍കും. രാത്രി 9.30 ഓടെയാണ് പരിപാടികള്‍ അവസാനിപ്പിക്കുക.

ബ്രിസ്റ്റോളിലേക്ക് അകലെ നിന്ന് വരുന്നവര്‍ക്കായി താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ നേരത്തെ തന്നെ അക്കമഡേഷന്റെ കോര്‍ഡിനേറ്റേറായ ജോമോനുമായി (07886208051) ബന്ധപ്പെടേണ്ടതാണ്.

ഏവര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം കഴിക്കുന്നതിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദൂരെ നിന്ന് വരുന്നവര്‍ക്ക് ബ്രേക്ക് ഫാസ്റ്റ് അറേഞ്ച് ചെയ്യുന്നുണ്ട്. ആവശ്യമുള്ളവര്‍ വെള്ളിയാഴ്ചക്കുള്ളില്‍ ഭക്ഷണത്തിന്റെ ചുമതലയുള്ള STSMCC ട്രസ്റ്റി ലിജോയുമായി (07988140291) ബന്ധപ്പെടേണ്ടതാണ്.

ഏറ്റവും അലട്ടുന്ന പ്രശ്നമാണ് പാര്‍ക്കിങ്. അടുത്തു നിന്നുള്ളവര്‍ പരമാവധി കാല്‍നടയായി എത്തി മറ്റുള്ളവര്‍ക്ക് പാര്‍ക്കിങ്ങിന് സൗകര്യം ഒരുക്കി നല്‍കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. മത്സരാര്‍ത്ഥികള്‍ കൂടുതലുള്ളതിനാല്‍ പാര്‍ക്കിങ്ങ് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പരമാവധി സ്ഥലം പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്ന് കോച്ചുകളില്‍ വരുന്നവരെ ഗ്രീന്‍ വേ സെന്ററില്‍ ഇറക്കിയ ശേഷം വാഹനങ്ങള്‍ ലിറ്റില്‍ മീഡ് പ്രൈമറി സ്‌കൂളിനു സമീപത്തുള്ള വിഗ്ടണ്‍ ക്രസന്റിലോ (BS10 6DS) സ്റ്റോക് ബിഷപ്പിലെ സാവില്‍ റോഡിലോ (BS9 1JA) പാര്‍ക്ക് ചെയ്യേണ്ടതാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles