ലണ്ടൻ: മണിക്കൂറില്‍ തൊണ്ണൂറിലധികം മൈല്‍ വേഗതയില്‍ ആഞ്ഞു വീശുന്ന എലിനോര്‍ കൊടുങ്കാറ്റ് ബ്രിട്ടീഷ് തീരത്തെത്തി. പലയിടത്തും നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ കേന്ദ്രം യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. അത്യാവശ്യ യാത്രകള്‍ അല്ലെങ്കില്‍ ദീര്‍ഘദൂര യാത്രകളും മറ്റും ഇന്ന് ഒഴിവാക്കുന്നതാണ് നല്ലത് എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആയിരത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നിരവധി മരങ്ങൾ കടപുഴകി സഞ്ചാര തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. സതേൺ അയർലണ്ടിലെ കോനാട്ട് എയർപോർട്ടിൽ കാറ്റിന്റെ വേഗത 100 മൈൽസ് ആണ് രേഖപ്പെടുത്തിയത്. അതേസമയം വെസ്റ്റ് വെയ്ൽസിൽ 76 ആണ് വേഗത രേഖപ്പെടുത്തിയിരിക്കുന്നത്. അയർലണ്ടിൽ നിന്നും ബ്രിട്ടന്റെ നോർത്ത്, സൗത്ത് ഈസ്റ്റ് ഭാഗങ്ങളിലേക്കെത്തിയ കൊടുങ്കാറ്റ് കനത്ത ഭീതി വിതക്കുകയാണ്. മെറ്റ് ഓഫീസ് ഇന്നലെ തന്നെ യെല്ലോ വാർണിങ് പുറപ്പെടുവിച്ചിരുന്നു.

നോർത്തേൺ അയർലണ്ടിലെയും ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലുമായി 22,000 ത്തോളം വീടുകളിലാണ് ഇന്നലെ രാത്രി വൈദ്യുതി വിശ്ചേദിക്കപ്പെട്ടത്. എന്നാൽ രാത്രി തന്നെ പതിനായിരത്തോളം വീടുകളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി ഇലക്ട്രിസിറ്റി കന്പനി വക്താക്കൾ പറഞ്ഞു.ഇന്ന് പകലോടെ പൂർണ്ണമായും വൈദ്യുതി തകരാർ പരിഹരിക്കാൻ കഴിയുമെന്നും അവർ അറിയിച്ചു.

മിക്കയിടങ്ങളിലും മരങ്ങൾ വീണ് റോഡുകൾ അടച്ചിട്ടുണ്ട്. ഇന്നത്തെ യാത്രകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ട്രാക്കുകളിലും മറ്റും മരങ്ങൾ വീണതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രകൾ തടസ്സപ്പെടുകയോ വൈകുകയോ ചെയ്യാനുള്ള സാധ്യതകളുണ്ട്. ട്രെയിൻ യാത്രക്കാരും ആവശ്യമായ മുൻകരുതൽ എടുക്കണമെന്ന് അധികൃതർ പറയുന്നു.