ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടനെ ആശങ്കയിലാഴ്ത്തി തുടർച്ചയായ അഞ്ചാമത്തെ കൊടുങ്കാറ്റ്. ജോർജ് എന്ന് പേരിട്ടിരിക്കുന്ന ഈ കൊടുങ്കാറ്റിനോടൊപ്പം, ശക്തമായ മഴയും ഉണ്ടാകുമെന്ന അറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നത്. വെയിൽസിലെ പല ഭാഗങ്ങളിലും, നോർത്തേൺ ഇംഗ്ലണ്ടിലും അതി ശക്തമായ മഴയുണ്ടാകും. ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 70 മീറ്റർ വേഗത്തിൽ കാറ്റ് അടിക്കാൻ സാധ്യതയുള്ള തായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടൊപ്പംതന്നെ പ്രളയ മുന്നറിയിപ്പുകളും ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഫോർകാസ്റ്റർ എമ്മ സൽറ്റർ നൽകിയ വിവരമനുസരിച്ച്, വെള്ളിയാഴ്ച അതിശക്തമായ മഴയും കാറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ മേഖലകളിൽ ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന മഴ കിഴക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങുമെന്നും അവർ പറഞ്ഞു.

ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. അധികൃതർ രാപകലില്ലാതെ സുരക്ഷാ പ്രവർത്തനങ്ങൾ ഏർപ്പെട്ടിരിക്കുകയാണ് എന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്, ടോബി വില്ലിസൺ അറിയിച്ചു. ബ്രിട്ടണിലെ ഏറ്റവും വലിയ നദിയായ സെവേനിൽ ജലം കരയ്ക്ക് എത്താറായി ഇരിക്കുകയാണ്. ഈ നദിയുടെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രളയ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.അയോൺബ്രിഡ്ജ്, വോർസെസ്റ്റർഷെയർ എന്നിവിടങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.

പ്രളയ ബാധിതരായ ജനങ്ങളെ സന്ദർശിക്കുവാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതുവരെയും തയ്യാറായിട്ടില്ല. ഇതിനെതിരെ ലേബർ പാർട്ടി നേതാവ് ജെർമി കോർബിൻ കുറ്റപ്പെടുത്തലുകളുമായി രംഗത്ത് വന്നിട്ടുണ്ട്. സാധാരണ ലഭിക്കുന്നതിൽ നിന്നും ഇരട്ടി മഴയാണ് ഇംഗ്ലണ്ടിൽ ഇപ്രാവശ്യം ലഭിച്ചത്. കഴിഞ്ഞ ഡിസംബർ മാസം മുതൽ, ഇത് അഞ്ചാമത്തെ തവണയാണ് ബ്രിട്ടനിൽ കൊടുങ്കാറ്റ് അടിക്കുന്നത്.