ബ്രിട്ടനില്‍ ഷുഗര്‍ ടാക്‌സ് പ്രാബല്യത്തിലായി. അമിതമായി പഞ്ചസാര അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകള്‍ കുട്ടികളിലുള്‍പ്പെടെ അമിതവണ്ണവും ഇതര ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലെവി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. നിശ്ചിത അളവില്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകള്‍ക്കാണ് നികുതി വര്‍ദ്ധനവ് ബാധകമാവുക. 2016 മാര്‍ച്ചിലാണ് ലെവി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. പുതിയ നികുതി വര്‍ദ്ധനവിന് അനുസരിച്ച് സോഫ്റ്റ് ഡ്രിങ്ക് റെസിപ്പികളില്‍ മാറ്റം വരുത്താനുള്ള സമയം കമ്പനികള്‍ക്ക് അനുവദിക്കപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ വര്‍ഷം 240 മില്യണ്‍ പൗണ്ടിന്റെ ലെവി വര്‍ധനവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ ഏതാണ്ട് 520 മില്യണ്‍ പൗണ്ടിന്റെ നികുതി വരുമാന വര്‍ദ്ധനവാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. വിലയില്‍ മാറ്റം ഉണ്ടാകുന്നതോടെ ഉപഭോക്താക്കള്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞ ഡ്രിങ്കുകള്‍ കൂടുതല്‍ തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്.

സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ഒരോ വര്‍ഷം കൂടുന്തോറും ഗണ്യമായ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം ഡ്രിങ്കുകള്‍ പൊണ്ണത്തടി ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ നിയന്ത്രണ വിധേയമാക്കുകയെന്ന് ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പഞ്ചസാരയുടെ അളവ് കൂടിയ ഡ്രിങ്കുകളുടെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. യുകെയിലെ പ്രമുഖരായ സോഫ്റ്റ് ഡ്രിങ്ക് നിര്‍മ്മാതാക്കളെ പുതിയ നികുതി വര്‍ധനവ് ബാധിക്കും. കൂടാതെ പഞ്ചസാരയുടെ അളവ് കുറഞ്ഞ ഡ്രിങ്കുകള്‍ കൂടുതലായി വിപണിയിലെത്താന്‍ പുതിയ ഭേദഗതി സഹായിക്കുമെന്നാണ് കരുതുന്നത്.

നമ്മുടെ രാജ്യത്തെ കൗമാര പ്രായക്കാര്‍ ഓരോരുത്തരും വര്‍ഷത്തില്‍ ഒരു ബാത്ത് ടബ്ബോളം ഷുഗറി ഡ്രിങ്കുകള്‍ കുടിച്ചു തീര്‍ക്കുന്നതായും ഈ പ്രവണത പൊണ്ണത്തടിയും ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ടെന്നും പബ്ലിക് ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീവ് ബ്രൈന്‍ പറഞ്ഞു. ഷുഗര്‍ ടാക്‌സ് നിലവില്‍ വരുന്നതോടെ ഷുഗറിയായിട്ടുള്ള ഡ്രിങ്കുകളില്‍ നിയന്ത്രണം സാധ്യമാകും. രാജ്യത്തെ കുട്ടികള്‍ക്കായി കായിക മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും പോഷകാഹാര ബ്രേക്ക്ഫാസ്റ്റ് ക്ലബുകള്‍ നിര്‍മ്മിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

100 മില്ലീലിറ്ററില്‍ 5 ഗ്രാമില്‍ കൂടുതല്‍ ഷുഗര്‍ അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ക്കാണ് പുതിയ ലെവി ബാധകമാവുക. ഡോ. പെപ്പര്‍, ഫാന്റ, സ്പ്രൈറ്റ് തുടങ്ങിയവയുടെ നികുതി നിരക്ക് കുറവായിരിക്കും. എന്നാല്‍ കോക്കകോള, പെപ്സി, അയണ്‍ബ്രൂ തുടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകള്‍ ഉയര്‍ന്ന നികുതിയുള്ള വിഭാഗത്തിലായിരിക്കും. 100 മില്ലീലിറ്ററില്‍ 5 ഗ്രാമില്‍ കൂടുതല്‍ ഷുഗര്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത്തരം ഡ്രിങ്കുകളുടെ വില 18 പെന്‍സ് വര്‍ധിപ്പിക്കും. 8 ഗ്രാമില്‍ കൂടുതലാണ് ഷുഗറിന്റെ അളവെങ്കില്‍ 24 പെന്‍സിന്റെ വര്‍ധനവും ഉണ്ടാകും. സാധാരണ ഗതിയില്‍ 70 പെന്‍സിന് ലഭിക്കുന്ന കോക്കിന്റെ ക്യാനിന്റെ വിലയില്‍ 8 പെന്‍സിന്റെ വര്‍ധനവുണ്ടാകും. പെപ്സി, അയണ്‍ ബ്രു എന്നിവയുടെ ക്യാനിന് 8 പെന്‍സിന്റെ വര്‍ധനവും ഫാന്റ സ്പ്രൈറ്റ് എന്നിവയുടെ ബോട്ടിലിന് 6 പെന്‍സിന്റെയും വര്‍ധനവുണ്ടാകും. 1.75 മില്ലിലിറ്ററിന്റെ കോക്കിന്റെ വിലയില്‍ 1.25 പൗണ്ട് മുതല്‍ 1.29 പൗണ്ട് വരെ വര്‍ധനവ് ഉണ്ടായേക്കും.