ലണ്ടന്‍: രാജ്യത്ത് ചെറുപ്പക്കാരുടെ ഇടയില്‍ ആത്മഹത്യാനിരക്ക് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടത്. 2010ന് ശേഷം പത്തിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുളളവരുടെ ആത്മഹത്യകളില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2014ല്‍ മാത്രം പത്തിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുളള 5504 പേര്‍ സ്വയം ജീവനൊടുക്കി. തൊട്ടുമുമ്പത്തെ കൊല്ലം ഇത് 240 മാത്രമായിരുന്നു. തങ്ങള്‍ എന്നന്നേക്കുമായി ഇല്ലാതാകുകയാണെന്ന കാര്യം ആത്മഹത്യയിലേക്ക് നീങ്ങുന്ന പല കൗമാരക്കാരും മനസിലാക്കുന്നില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മുതിര്‍ന്നവര്‍ തങ്ങള്‍ക്ക് മുന്നിലുളള യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ കുട്ടികള്‍ പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുന്നു. അതുകൊണ്ടാണ് അവര്‍ കൂടുതല്‍ ആലോചനകളില്ലാതെ ആത്മഹത്യ തെരഞ്ഞെടുക്കുന്നത്. മുതിര്‍ന്നവരുടെ തലച്ചോറിന് പ്രശ്‌നങ്ങളെ പരിഹരിക്കാനും വിലയിരുത്താനുമുളള കഴിവുകള്‍ ഉണ്ട്. രാജ്യത്തെ പല കൗമാര ആത്മഹത്യകളും വലിയ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നു.

പതിനേഴുകാരായ രണ്ടു പെണ്‍കുട്ടികളുടെ ആത്മഹത്യ രാജ്യത്ത് അടുത്തിടെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒരേ സ്‌കൂളില്‍ പഠിച്ചിരുന്ന ഈ പെണ്‍കുട്ടികളുടെ മരണങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന് പൊലീസ് ഇപ്പോള്‍ പരിശോധിച്ച് വരികയാണ്. അമിതമായി മരുന്ന് കഴിച്ചാണ് ഇവരിലൊരാള്‍ മരിച്ചത്. മറ്റേയാള്‍ വീടിനുളളില്‍ തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ മാസം മുപ്പത്തൊന്നിനായിരുന്നു സംഭവം.

അതേസമയം ആത്മഹത്യാനിരക്കിലെ വര്‍ദ്ധനയ്ക്ക് കാരണമെന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിദ്ഗ്ദ്ധര്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളേക്കാള്‍ നാല് മടങ്ങ് കൂടുതല്‍ ആണ്‍കുട്ടികളാണ് ആത്മഹത്യ തെരഞ്ഞെടുക്കുന്നത്. പശ്ചിമ മേഖലയിലെലെ ഉള്‍നാടുകളിലാണ് കൗമാരക്കാര്‍ കൂടുതലും ആത്മഹത്യ ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സാമൂഹ്യമായി ഒറ്റപ്പെട്ട മേഖലയായ ഇവിടെ മാനസികാരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ വളരെ കുറവാണ്. ആത്മഹത്യകള്‍ക്ക് പിന്നില്‍ സൈബര്‍, സാമ്പത്തിക കാരണങ്ങളാകാമെന്ന നിരീക്ഷണവും ഉണ്ട്.

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കപ്പെടുന്നത് ആത്മഹത്യയ്ക്ക് കാരണമാകുന്നതായി കരുതുന്നു. ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ പഠിക്കേണ്ടതാണെന്നാണ് വിദ്ഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആത്മഹത്യാ പ്രവണതയുളളവര്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ നാഷണല്‍ സൂയിസൈഡ് ഹോട്ട്‌ലൈനിന്റെ സഹായം തേടാവുന്നതാണ്. സഹായത്തിനായി 1-800-273-8255 എന്ന നമ്പരില്‍ വിളിക്കാം.