ബ്രിട്ടനിൽ അതിഭീകരമായ ചൂട് രേഖപ്പെടുത്തുന്നതിനിടയിൽ, സമാനമായ സാഹചര്യം ക്യൂബയിലും നിലനിൽക്കുന്നു. അവധി ആഘോഷിക്കാൻ ക്യൂബയിലേക്ക് പോയ ബ്രിട്ടീഷ് യുവതിക്ക് അതിഭീകരമായ സൂര്യാഘാതമേറ്റു. സൺസ്ക്രീൻ ഉപയോഗിച്ചിട്ടും ഒരു മണിക്കൂർ നേരം മാത്രം പുറത്ത് നീന്തലിൽ ഏർപ്പെട്ടപ്പോഴാണ് പൊള്ളലേറ്റത്. ഈ വാർത്ത പുറത്തുവന്ന സാഹചര്യത്തിൽ, ബ്രിട്ടനിലെ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മെയിസി എന്ന പതിനാറുകാരിക്കാണ് ക്യൂബയിൽ അവധി ആഘോഷിക്കാൻ പോയതിനിടയിൽ നീന്തലിൽ ഏർപ്പെട്ടപ്പോൾ പൊള്ളലേറ്റത്. ശരീരത്തിന്റെ പുറംഭാഗം മുഴുവൻ പൊള്ളലേറ്റു വലിയ കുമിളകളായി മാറി. ശരീരം മുഴുവൻ സൺസ്ക്രീൻ ഉപയോഗിച്ചിരുന്നെങ്കിലും, രൂക്ഷമായ പൊള്ളലാണ് ഏറ്റത്. ഈ സാഹചര്യത്തിൽ തന്നെ പെൺകുട്ടിക്ക് തിരിച്ച് ബ്രിട്ടനിലേക്ക് മടങ്ങേണ്ടിവന്നു.

ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ പെൺകുട്ടിയുടെ പുറംഭാഗം മുഴുവൻ ചുവന്ന നിറവും, വലിയ കുമിളകളും ആണ്. ബ്രിട്ടണിൽ കഴിഞ്ഞ ദിവസങ്ങളിൽ ആഞ്ഞടിച്ച ഉഷ്ണതരംഗം പോലെതന്നെ, ക്യൂബയിലും 33 ഡിഗ്രി സെൽഷ്യസ് ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. എന്നാൽ സൂര്യാഘാതമേറ്റ് അൾട്രാ വയലറ്റ് രശ്മികൾ മൂലമാണെന്നാണ് പഠന റിപ്പോർട്ട്. അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത ബ്രിട്ടനിലെക്കാളും അധികം ക്യൂബയിൽ ആണ് രൂക്ഷമായിട്ടും ഉള്ളത്. ബ്രിട്ടനിലെ അൾട്രാവയലറ്റ് ഇൻഡക്സ് സ്കോർ എട്ടിനു മുകളിലാണെങ്കിൽ, ക്യൂബയിൽ അത് 11 മുതൽ 12 വരെയാണ്. ബ്രിട്ടനിൽ തിരികെയെത്തി വേണ്ടതായ എല്ലാ ചികിത്സകളും നടത്തിയതായി പെൺകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ ബ്രിട്ടണിലെ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരിട്ട് പുറത്തിറങ്ങി വെയിൽ ശരീരത്തേൽക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.