ലണ്ടന്‍: ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായകമായ പൊതു തെരഞ്ഞെടുപ്പ് നാളെ നടക്കുന്നു. ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കിയതിനു ശേഷം വളരെ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി തെരേസ മേയ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബ്രെക്‌സിറ്റ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഭരണ സ്ഥിരതയുണ്ടാകുന്നതിനാണ് തെരഞ്ഞെടുപ്പ് എന്നായിരുന്നു വിശദീകരണം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണം മുറുകുമ്പോള്‍ ടോറികള്‍ക്കുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുകയും ലേബര്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും ലേബറിന്റെ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ് തന്നെയായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം എന്ന് പറയാനാകുന്നത്.

മൂന്ന് പിഴവുകളാണ് ടോറികള്‍ക്ക് സംഭവിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യമായി ബ്രെക്‌സിറ്റിനെ കരുവാക്കി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തെരേസ മേയുടെ നേതൃപാടവത്തെ അജ്ഞാതമായിരുന്നു കോര്‍ബിന്റെ ശൈലിയുടെ മേല്‍ പ്രതിഷ്ഠിച്ചു. അതിന്റെ നേട്ടം ഉണ്ടാകുമെന്ന അമിത പ്രതീക്ഷ വെച്ചുപുലര്‍ത്തി. മൂന്നാമതായി രാജ്യത്തിന് മാറ്റത്തേക്കാള്‍ സ്ഥിരതയാണെന്ന് തെറ്റിദ്ധരിച്ചു. ഈ ധാരണകളെല്ലാം തെറ്റായിരുന്നുവെന്ന് പ്രചരണ കാലയളവില്‍ത്തന്നെ വ്യക്തമായിരിക്കുകയാണ്. മാഞ്ചസ്റ്റര്‍, ലണ്ടന്‍ ആക്രമണങ്ങള്‍ അപ്രതീക്ഷിതമായിരുന്നെങ്കിലും അതിനെ പിന്‍പറ്റി ദേശീയ സുരക്ഷയേക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ശ്രമിച്ചെങ്കിലും അതും പരാജയമാകുന്നതാണ് ക്ണ്ടത്.

മുമ്പ് പല അവസരങ്ങളിലും ബ്രെക്‌സിറ്റ് കൂടുതല്‍ ചര്‍ച്ചയാക്കാമായിരുന്നിട്ടും സര്‍ക്കാര്‍ അവ കളഞ്ഞുകുളിച്ചു. ആര്‍ട്ടിക്കിള്‍ 50 പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് വേണം നടപ്പാക്കാന്‍ എന്ന് ഹൈക്കോടതി വിധിച്ചപ്പോള്‍ യൂറോപ്പ് അനുകൂലികളായ എംപിമാരുടെ എതിര്‍പ്പിനെയും മറികടന്ന് തെരേസ മേയ്ക്ക് വാദങ്ങള്‍ ഉന്നയിക്കാമായിരുന്നു. ജനങ്ങളുടെ ഇച്ഛക്കനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമായിരുന്നു. പിന്നീട് ആര്‍ട്ടിക്കിള്‍ 50 പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോഴും ലോര്‍ഡ്‌സ് തിരിച്ചയച്ചപ്പോഴും അവസരങ്ങള്‍ ഉണ്ടായിരുന്നു.

പിന്നീട് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വവുമായി തര്‍ക്കങ്ങള്‍ ഉണ്ടായതിനു ശേഷമാണ് മേയ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. അതേ സമയം പാര്‍ലമെന്റില്‍ ആര്‍ട്ടിക്കിള്‍ 50 അവതരിപ്പിക്കുമ്പോള്‍ ത്രീ ലൈന്‍ വിപ്പ് പുറപ്പെടുവിച്ച ലേബര്‍ നേതൃത്വം വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണം മുറുകുകയും കൂടുതല്‍ വിഷയങ്ങള്‍ ചര്‍ച്ചയാകുയും ചെയ്തത് കണ്‍സര്‍വേറ്റീവുകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണെന്നാണ് സൂചനകള്‍. ഈ വീഴ്ചകളുടെ പേരില്‍ തെരേസ മേയ് ഇനി പ്രധാനമന്ത്രിപദത്തില്‍ തിരിച്ചെത്താനുള്ള സാധ്യതകളും കുറവാണെന്ന് വിലയിരുത്തപ്പെടുന്നു.