സ്വന്തം ലേഖകൻ

വെംബ്ലി : ലണ്ടൻ വെംബ്ലി പാർക്കിൽ വച്ച് സഹോദരിമാരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് മേൽ കൊലപാതകകുറ്റം ചുമത്തി. നിക്കോൾ സ്മാൾമാനും ബിബ ഹെൻ‌റിയും കൊല്ലപ്പെട്ട കേസിൽ ഡാനിയൽ ഹുസൈൻ എന്ന 18നുകാരൻ ഇന്നലെയാണ് പിടിയിലായത്. ബ്ലാക്ക് ഹീത്തിലെ ഗൈ ബാർനെറ്റ് ഗ്രോവ് സ്വദേശിയായ പ്രതിയെ പിന്നീട് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഈ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ അശ്രാന്തമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് നോർത്ത് വെസ്റ്റ് ബിസിയു കമാൻഡർ റോയ് സ്മിത്ത് പറഞ്ഞു. അന്വേഷണത്തിനും സംഭവസ്ഥലത്തെ പോലീസ് പ്രവർത്തനത്തിനും പിന്തുണ നൽകിയതിന് പ്രദേശ നിവാസികൾക്കും പോലീസ് നന്ദി പറഞ്ഞു.

ജൂൺ 5ന് നടന്ന ജന്മദിനാഘോഷത്തിന് ശേഷം രണ്ട് ദിവസങ്ങൾ കഴിഞ്ഞാണ് വെംബ്ലിയിലെ ഫ്രയൻറ് ഗാർഡനിൽ നിന്ന് സഹോദരിമാരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്. കത്തി കൊണ്ടുള്ള കുത്തേറ്റാണ് ഇരുവരും മരണപ്പെട്ടത്. ഈ കേസിൽ ഊർജിതമായ അന്വേഷണം ആരംഭിച്ച പോലീസ് കൊലപാതകം നടന്ന് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ പ്രതിയെ പിടികൂടിയിരിക്കുകയാണ്. അറസ്റ്റിനെക്കുറിച്ച് സഹോദരിമാരുടെ കുടുംബത്തെയും അറിയിച്ചിട്ടുണ്ട്.

പാർക്കിൽ ചെറിയ തിരയലുകൾ തുടരുമെങ്കിലും വിപുലമായ ഫോറൻസിക് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി പോലീസ് അറിയിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഫോട്ടോയെടുത്തതിന് നോർത്ത് ഈസ്റ്റ് കമാൻഡ് യൂണിറ്റിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു. പല ആരോപണങ്ങളിലേക്കും വഴി തുറന്ന കേസിനാണ് ഉചിതമായ പോലീസ് അന്വേഷണത്തോടെ കൂടി തിരശീല വീണത്.