രാജസ്ഥാനിലെ സാംഭാര്‍ തടാകത്തിന് സമീപം 1500 ഓളം പക്ഷികള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്നു. കരളുനോവിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇതില്‍ കൂടുതലും ദേശാടനപക്ഷികളാണ്. രാജ്യത്തെ ഏറ്റവും വലിയ ഉപ്പ് വെള്ള തടാകമാണ് സാംഭാര്‍. ജയ്പൂരിനടുത്താണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. കൂട്ടത്തോടെ പക്ഷികള്‍ ചത്ത വിവരം നാടിനെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്.

ജലമലിനീകരണമാകാം സംഭവത്തിന് കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പക്ഷികളുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകുകയുള്ളൂ. 1500 പക്ഷികളാണ് ചത്തതെന്ന് പ്രാഥമിക കണക്ക്. എന്നാല്‍, 5000ത്തോളം പക്ഷികള്‍ ചത്തിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

പ്രദേശത്തുനിന്ന് സംശയപരമായ ഒന്നും തന്നെ ലഭിച്ചിട്ടില്ല. പക്ഷികള്‍ ചത്തുകിടക്കുന്ന നിഗൂഢത നിഴലിക്കുന്നുവെന്ന് പക്ഷി വിദഗ്ധന്‍ പറയുന്നു. തടാകത്തിന് 12-13 കിലോമീറ്റര്‍ ചുറ്റളവിലാണ് പക്ഷികളുടെ ജഡങ്ങള്‍ കിടക്കുന്നത്. വെള്ളകൊക്കന്‍ കുളക്കോഴി, അവോസെറ്റ് കുളക്കോഴി, പവിഴക്കാലി, കോരിച്ചുണ്ടന്‍ എരണ്ട, ചക്രവാകം തുടങ്ങി പത്തോളം സ്പീഷിസുകളില്‍പ്പെട്ട പക്ഷികളാണിവ.

ജലമലിനീകരണത്തിന് കാരണമെന്താണെന്നും പരിശോധിക്കുന്നുണ്ട്. മെഡിക്കല്‍ സംഘം വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എന്തെങ്കിലും ബാക്ടീരയോ വൈറസോ ആണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.