ലണ്ടന്‍: ഈ വര്‍ഷം യുകെ ദര്‍ശിച്ച ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ശനിയാഴ്ടയെന്ന് മെറ്റ് ഓഫീസ്. 29.5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു. വിസ്ലിയിലും സറേയിലുമാണ് ഈ താപനില രേഖപ്പെടുത്തിയത്. ഹീറ്റ് വേവ് തുടരുമെന്നും ചൂട് ഇനിയും വര്‍ദ്ധിക്കുമെന്നുമാണ് കാലാവസ്ഥാ മുന്നറിയിപ്പ്. സൗത്ത്, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ഇന്ന് താപനില 30 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഈ സമയത്തെ ശരാശരി താപനിലയില്‍ നിന്ന് 10 ഡിഗ്രി ചൂട് കൂടൂതലാണ് ഇത്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് മെയ് 26നായിരുന്നു. സ്‌കോട്ട്‌ലന്‍ഡിലെ മോറെയിലെ ലൂസിമൗത്ത് ടൗണില്‍ രേഖപ്പെടുത്തിയ 29.4 ഡിഗ്രിയായിരുന്നു റെക്കോര്‍ഡ്. അതേ ദിവസം ബ്ലാക്ക്പൂളില്‍ 28.6 ഡിഗ്രിയും രേഖപ്പെടുത്തി. സമ്മര്‍ പുരോഗമിക്കുന്നതോടെ ചൂട് കൂടി വരുന്നതായാണ് കാണുന്നത്. ഇംഗ്ലണ്ടില്‍ ഇനിയും ചൂട് വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥാ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു. സ്‌കോട്ട്‌ലന്‍ഡില്‍ 20 ഡിഗ്രിക്കു മുകളിലായിരിക്കും താപനില.

ഇന്നലത്തെ കനത്ത ചൂടില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ അഞ്ച് ഗാര്‍ഡ്‌സ്മാന്‍മാര്‍ തലചുറ്റി വീണു. ലണ്ടനില്‍ 25 ഡിഗ്രിയായിരുന്നു താപനില. രാജ്ഞിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഹോഴ്‌സ് ഗാര്‍ഡ് പരേഡിനിടെയായിരുന്നു സംഭവം. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ബോണ്‍മൗത്തിലെ ഒരു ബീച്ചില്‍ തീപ്പിടിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് 30 ഡിഗ്രി വരെയാണ് പ്രവചനമെങ്കിലും 31 വരെ ഉയരാമെന്നും അറിയിപ്പുണ്ട്.