ലണ്ടന്‍: കോടതി ശക്തമായ താക്കീത് നല്‍കിയതോടെ വായു മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ ത്വരിതമാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നീക്കം തുടങ്ങി. അടുത്തയാഴ്ച ഇതിനായുള്ള കരട് പദ്ധതി അവതരിപ്പിക്കും. തെരഞ്ഞെടുപ്പിന് മുമ്പായി കരട് പദ്ധതി പ്രഖ്യാപിക്കണമെന്ന കോടതി നിര്‍ദേശത്തിനെതിരെ അപ്പീല്‍ നല്‍കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വായു മലിനീകരണത്തിനെതിരായി പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ നിര്‍ദേശം പുറപ്പെടുവിക്കരുതെന്ന് കാട്ടി മന്ത്രിമാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇത് തള്ളിയ കോടതി അടിയന്തരമായി പദ്ധതി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

മെയ് 9നു മുമ്പായി കരട് പദ്ധതി അവതരിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. ലോക്കല്‍ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ട കാലാവധി കഴിയുന്നത് വരെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് ലോക്കല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 40,000ത്തോളം അകാല മരണങ്ങള്‍ക്ക് യുകെയിലെ വായു മലിനീകരണം കാരണമാകുന്നുണ്ടെന്നാണ് വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. ഇത് അടിയന്തരമായി നിയന്ത്രിക്കാന്‍ നടപടികള്‍ വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്.

ഡീസല്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളായിരിക്കും പദ്ധതിയില്‍ ഉണ്ടാവുക. മലിനീകരണ നിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിക്കുകയും മലിനീകരണത്തിന്റെ തോത് കൂടുതലുള്ള വാഹനങ്ങള്‍ക്ക് ഈ പ്രദേശങ്ങളില്‍ പ്രവേശനം നിഷേധിക്കുകയും ചെയ്യും. നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. ഡീസല്‍ വാഹനങ്ങള്‍ പാടെ ഇല്ലാതാക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന ആശങ്ക ഡീസല്‍ വാഹനങ്ങളുടെ ഉടമകള്‍ അറിയിക്കുന്നുണ്ട്.