യുക്മ സാംസ്ക്കാരികവേദി പ്രവർത്തക സമിതി പ്രഖ്യാപിച്ചു; യുകെ മലയാളികൾക്കിടയിലെ അടുത്ത രണ്ടു വർഷത്തെ കലാ- സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകും

യുക്മ സാംസ്ക്കാരികവേദി പ്രവർത്തക സമിതി പ്രഖ്യാപിച്ചു; യുകെ മലയാളികൾക്കിടയിലെ അടുത്ത രണ്ടു വർഷത്തെ കലാ- സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകും
May 31 08:51 2017 Print This Article

സജീഷ് ടോം, പിആര്‍ഒ യുക്മ

യുകെ മലയാളികളുടെ സാംസ്‌ക്കാരിക ചേതനയുടെ സര്‍ഗ്ഗാവിഷ്‌ക്കാരം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ സാംസ്‌ക്കാരികവേദിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള നേതൃത്വത്തെ പ്രഖ്യാപിച്ചു. യുക്മയുടെ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന പോഷക വിഭാഗമാണ് യുക്മ സാംസ്‌ക്കാരികവേദി. യു കെ മലയാളികള്‍ക്കിടയില്‍ കലാരംഗത്തും സാംസ്‌ക്കാരിക രംഗത്തും നേതൃരംഗത്തും പ്രതിഭ തെളിയിച്ച വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തന സമിതി രൂപീകരിച്ചിരിക്കുന്നതെന്ന് കമ്മറ്റി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പറഞ്ഞു.

യുക്മ ദേശീയ പ്രസിഡന്റ് ചെയര്‍മാന്‍ ആയുള്ള സമിതിയുടെ വൈസ് ചെയര്‍മാന്‍ സി എ ജോസഫ് ആണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ യുക്മ സാംസ്‌ക്കാരികവേദി ജനറല്‍ കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള സി എ ജോസഫ് യു കെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകനാണ്. വോക്കിങ്ങ് മലയാളി അസോസിയേഷന്‍ അംഗമായ അദ്ദേഹം ഗില്‍ഫോഡ് നിവാസിയാണ്.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ നിലവിലുള്ള നാഷണല്‍ കമ്മറ്റി അംഗവും, യുക്മ സാംസ്‌ക്കാരികവേദി മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന, ലിവര്‍പൂളില്‍നിന്നുള്ള തമ്പി ജോസ് ആണ് സാംസ്‌ക്കാരികവേദി ദേശീയ കോഓര്‍ഡിനേറ്റര്‍. മാഞ്ചസ്റ്ററില്‍ നിന്നുള്ള ഡോക്ടര്‍ സിബി വേകത്താനം , ഡോര്‍സെറ്റില്‍നിന്നുള്ള മനോജ് പിള്ള എന്നിവരാണ് സാംസ്‌ക്കാരികവേദി ജനറല്‍ കണ്‍വീനര്‍മാര്‍. സാമ്പത്തികശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ് നേടിയിട്ടുള്ള സിബി ട്രാഫോര്‍ഡ് കേന്ദ്രമാക്കി കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന നാടകസമിതിയുടെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളാണ്. മനോജ് പിള്ള യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയണല്‍ സെക്രട്ടറി, സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൂടുതല്‍ വ്യക്തതയോടും ദിശാബോധത്തോടും കൂടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി ആറ് വിഭാഗങ്ങളായി തിരിച്ചാണ് സാംസ്‌ക്കാരികവേദിയുടെ വിവിധ ഉപസമിതികള്‍ രൂപീകരിച്ചിരിക്കുന്നത്. ലോക പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായ ജ്വാല ഇ മാഗസിന്‍ യുക്മ സാംസ്‌ക്കാരികവേദിയുടെ തിലകക്കുറിയാണ്. ഈ ഭരണ സമിതിയുടെ തുടക്കത്തില്‍ത്തന്നെ ‘ജ്വാല’ ഉപസമിതി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാമാസവും പ്രസിദ്ധീകരിക്കപ്പെടുന്ന ‘ജ്വാല’യുടെ അമരത്തു ഇത്തവണയും ചീഫ് എഡിറ്ററായി റജി നന്തികാടും മാനേജിങ് എഡിറ്ററായി സജീഷ് ടോമും തുടരുന്നു. ജെയ്‌സണ്‍ ജോര്‍ജ്, ബീന റോയി, സി എ ജോസഫ് എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായും മാമ്മന്‍ ഫിലിപ്പ്, റോജിമോന്‍ വര്‍ഗീസ് എന്നിവര്‍ ഉപദേശകസമിതി അംഗങ്ങളായും ‘ജ്വാല’ക്ക് കരുത്തേകും.

ജേക്കബ് കോയിപ്പള്ളി കണ്‍വീനറായുള്ള സാഹിത്യ വിഭാഗത്തിന് ആശാ മാത്യു, കുര്യന്‍ ജോര്‍ജ്, അനസുധിന്‍ അസീസ്, മാത്യു ഡൊമിനിക് എന്നിവര്‍ ആയിരിക്കും നേതൃത്വം നല്‍കുന്നത്. വേദിയുടെ സാംസ്‌ക്കാരിക വിനിമയ പരിപാടികള്‍ക്ക് തോമസ് ജോണ്‍ വരിക്കാട്ട്, ജിജോ മാധവപ്പള്ളില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുമ്പോള്‍; ജോബി അയത്തില്‍, വിന്‍സന്റ് ജോസഫ്, സാബു മാടശ്ശേരി, ടോം തോമസ് എന്നിവര്‍ ‘നാടകക്കളരിക്ക്’ അരങ്ങു തീര്‍ക്കും.

ജിജി വിക്ടര്‍ കണ്‍വീനറായുള്ള യുക്മ സാംസ്‌ക്കാരികവേദിയുടെ കലാ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് സുനില്‍ രാജന്‍, പീറ്റി താനൊലില്‍, ജിജോമോന്‍ ജോര്‍ജ് എന്നിവരാണ്. ബിനോ അഗസ്റ്റിന്‍, സിറിയക് കടവില്‍ച്ചിറ, ബിജു അഗസ്റ്റിന്‍, ഹരി പദ്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ‘ഫിലിം ക്ലബ്’ ആണ് മറ്റൊരു പ്രധാന ഉപസമിതി. യു കെ മലയാളി സമൂഹത്തിന്റെ കല സാംസ്‌ക്കാരിക രംഗത്തു ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂടുതല്‍ വ്യക്തികളെ ഉള്‍പ്പെടുത്തിക്കൊണ്ട് യുക്മ സാംസ്‌ക്കാരിക വേദി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കുവാന്‍ യുക്മ പ്രതിജ്ഞാബദ്ധമാണെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാംസ്‌ക്കാരികവേദി നേതൃനിരക്ക് യുക്മ ദേശീയ നിര്‍വാഹക സമിതി ആശംസകള്‍ അര്‍പ്പിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles