ലണ്ടന്‍: യുകെ യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരുടെ പണിമുടക്ക് സമരം വ്യാഴാഴ്ച ആരംഭിക്കും. നാലാഴ്ചകളിലായി 14 ദിവസമാണ് അധ്യാപകര്‍ പണിമുടക്കുന്നത്. പുതുക്കിയ പെന്‍ഷന്‍ വ്യവസ്ഥകളില്‍ പ്രതിഷേധിച്ചാണ് യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തുന്നത്. അധ്യാപകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ സമരം സമ്മര്‍ പരീക്ഷകളെയും ഗ്രാജ്വേഷന്‍ സെറിമണികളെയും ബാധിക്കുമെന്നാണ് കരുതുന്നത്. യുകെയിലെ 65 യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന 10 ലക്ഷത്തോളം കുട്ടികളെ സമരം ബാധിക്കും. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ആറ് മാസത്തേക്ക് നീട്ടുമെന്നും അത് പരീക്ഷകളെയും കോളേജ് പ്രവേശനങ്ങളെയും ഗ്രാജ്വേഷനുകളെയും ബാധിക്കുമെന്നും യൂണിയന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചരിത്രത്തിലില്ലാത്ത വിധം ശക്തമായ പണിമുടക്ക് സമരത്തിനാണ് അഅധ്യാപകര്‍ തയ്യാറെടുത്തിരിക്കുന്നത്. ചര്‍ച്ചക്കായുള്ള എല്ലാ സാധ്യതകളും തങ്ങള്‍ തുറന്നിട്ടിരിക്കുകയാണെന്ന് യുസിയു ജനറല്‍ സെക്രട്ടറി സാലി ഹണ്ട് പറഞ്ഞു. എന്നാല്‍ പ്രശ്‌നപരിഹാരത്തിനുള്ള ഒരു നീക്കവും മറുപക്ഷത്തു നിന്ന് ഉണ്ടാകുന്നില്ല. തീരുമാനമുണ്ടാകുന്നതു വരെ സമരം തുടരാനാണ് പദ്ധതിയെന്ന് അവര്‍ വ്യക്തമാക്കി. അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും സമരം ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കുക. അവര്‍ക്ക് 5,75,000 മണിക്കൂറുകള്‍ നഷ്ടമാകുമെന്ന് അനുമാനിക്കുന്നു. ഇത് റീഷെഡ്യൂള്‍ ചെയ്യാനാകുന്നതല്ലെന്നും യൂണിയന്‍ വ്യക്തമാക്കി.

ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ബ്രിസ്റ്റോള്‍, ഡര്‍ഹാം, എക്‌സെറ്റര്‍, ഇംപീരിയല്‍ കോളേജ് ലണ്ടന്‍, വാര്‍വിക്ക്, യോര്‍ക്ക് തുടങ്ങി യുകെയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളെയെല്ലാം സമരം ബാധിക്കും. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളില്‍ വര്‍ഷം 10,000 പൗണ്ട് വരെ നഷ്ടമാകുന്ന പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരായാണ് ലെക്ചറര്‍മാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയര്‍മാരുടെ സംഘടനയായ യുയുകെ ഈ പെന്‍ഷന്‍ പദ്ധതി ജീവനക്കാരുടെ താല്‍പര്യത്തിന് അനുസൃതമായി തയ്യാറാക്കിയതാണെന്ന് അവകാശപ്പെട്ടു.