ഉറക്കം കുറയുന്നതിനെക്കുറിച്ചും ഉറങ്ങാന്‍ കഴിയാത്തതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഏറെ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ വിദഗ്ദ്ധര്‍ പറയുന്നത് ആധുനിക ജീവിതശൈലി കൂടുതല്‍ ഉറങ്ങുന്നതിന് ഒട്ടേറെ കാരണങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെന്നാണ്. ദിവസവും എട്ടര മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് മനുഷ്യന് അത്യാവശ്യമാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അത്രയേറെ സമ്മര്‍ദ്ദങ്ങള്‍ ആധുനിക ജീവിതം നമുക്ക് തരുന്നുണ്ടത്രേ! ആറു മണിക്കൂര്‍ ഉറങ്ങിയാല്‍ മതിയാകും എന്നായിരുന്നു നാം നേരത്തേ കേട്ടിരുന്നത്. എന്നാല്‍ എട്ടു മണിക്കൂര്‍ പോലും മതിയാകില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറും സ്ലീപ്പ് എക്‌സ്‌പെര്‍ട്ടുമായ ഡോ.ഡാനിയല്‍ ഗാര്‍ട്ടന്‍ബെര്‍ഗ് പറയുന്നു.

ഉണര്‍ന്നിരിക്കുമ്പോള്‍ നമ്മുടെ തലച്ചോര്‍ ശേഖരിക്കുന്ന വലിയ അളവിലുള്ള വിവരങ്ങൡ ഏതാണ് ആവശ്യമായവ എന്ന് വേര്‍തിരിച്ചെടുക്കുന്നത് ഉറക്കത്തിലാണ്. ഇക്കാലത്ത് നമുക്ക് ലഭിക്കുന്നത് അത്രേേയറെ വിവരങ്ങളാണെന്ന് അദ്ദേഹം പറയുന്നു. ദിവസവും 34 ജിബിക്ക് സമാനമായ വിവരങ്ങളാണ് തലച്ചോറില്‍ ശേഖരിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ അവയുടെ പ്രോസസിംഗ് സമയം ഏറെ വേണമെന്നും അദ്ദേഹം പറയുന്നു. ഓരോ ദിനാന്ത്യത്തിലും ലഭിക്കേണ്ട ഉറക്കത്തിന്റെ അളവ് മാത്രമല്ല അതിന്റെ ഗുണനിലവാരവും പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു.

ഉറക്കക്കുറവിന് ഒരു പ്രധാന കാരണക്കാരന്‍ സ്‌ക്രീനുകളില്‍ നിന്നുള്ള പ്രകാശമാണ്. അതില്‍ ഏറ്റവും പ്രധാന കുറ്റവാളി സ്മാര്‍ട്ട്‌ഫോണുകള്‍ തന്നെ. ഇതിന് ഒരു പോംവഴിയും സ്മാര്‍ട്ട്‌ഫോണുകളിലൂടെ അദ്ദേഹം കണ്ടെത്തുന്നുണ്ട്. സോണിക് സ്ലീപ്പ് എന്ന ആപ്പ് ആണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. പിങ്ക് നോയ്‌സ് ഉപയോഗിക്കുന്ന ഈ ആപ്പ് നിങ്ങളെ ഉറക്കത്തില്‍ നിന്ന് ശല്യം ചെയ്യുന്ന റ്റു ശബ്ദങ്ങളെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. സ്ലീപ്പ് ഹൈജീന്‍ എന്ന ശീലവും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. സോണിക് സ്ലീപ്പ് ഉപയോഗിക്കുന്നില്ലെങ്കില്‍ ബെഡ്‌റൂമില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെ നിഷ്‌കാസനം ചെയ്യുക, റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ ശീലിക്കുക, മോശം കാര്യങ്ങള്‍ ചിന്തിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്.