ഏഷ്യ കപ്പ് ക്രിക്കറ്റില്‍ രണ്ടാം മത്സരവും ഇന്ത്യയോട് തോറ്റതിന് പിന്നാലെ വിശദീകരണവുമായി പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ് രംഗത്ത്. ഇന്ത്യന്‍ ബാറ്റിംഗ് നിര സാങ്കേതികമായി തങ്ങളേക്കാള്‍ മികച്ചവരാണെന്നും പാക് താരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അത്ര മികവ് പോരെന്നും സര്‍ഫറാസ് തുന്ന് സമ്മതിക്കുന്നു.

‘വളരെ പ്രയാസകരമായ മല്‍സരമായിരുന്നു ഇത്. ഞങ്ങള്‍ നന്നായി ബാറ്റു ചെയ്‌തെങ്കിലും പ്രതീക്ഷിച്ചതിലും 20-30 റണ്‍സ് കുറച്ചേ നേടാനായുള്ളൂ. ഇന്ത്യയ്‌ക്കെതിരായ മല്‍സരത്തില്‍ സംഭവിച്ചതുപോലെ ക്യാച്ചുകള്‍ കൈവിട്ടാല്‍ ഒരു മല്‍സരവും ഞങ്ങള്‍ക്കു ജയിക്കാനാകില്ല. ഫീല്‍ഡിങ്ങിന്റെ കാര്യത്തില്‍ കഠിനാധ്വാനം ചെയ്‌തേ തീരൂ’ സര്‍ഫ്രാസ് പറഞ്ഞു.

എവിടെയാണ് പിഴവു സംഭവിക്കുന്നതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പിച്ച് ബാറ്റിങ്ങിന് അത്ര അനുകൂലമൊന്നുമായിരുന്നില്ല. പുതിയ ബാറ്റ്‌സ്മാന് നിലയുറപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമായിരുന്നു. ക്യാച്ചുകള്‍ കൈവിട്ടതോടെ ആ സാധ്യത മുതലെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കാതെ പോയി സര്‍ഫ്രാസ് ചൂണ്ടിക്കാട്ടി.

മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ ബാറ്റ് ചെയ്ത പാകിസ്താന്‍ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 63 പന്തുകള്‍ ബാക്കിനില്‍ക്കേ മറികടന്നു. ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഏകദിനത്തിലെ 15-ാം സെഞ്ചുറി തികച്ച ധവാന്‍ 100 പന്തില്‍ 16 ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 114 റണ്‍സെടുത്ത് റണ്ണൗട്ടായി. എന്നാല്‍ 19-ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ രോഹിത് 119 പന്തില്‍ നാല് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം പുറത്താകാതെ 111 റണ്‍സെടുത്തു. അമ്പാട്ടി റായുഡുവും(12) പുറത്താകാതെ നിന്നു.