സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഇരിങ്ങാലക്കുട സ്വദേശിയായ സുജിത്ത് വേണുഗോപാല്‍ (26) ആണ് കൊല്ലപ്പെട്ടത്. സഹോദരിയെ ശല്യം ചെയ്തത് ചോദിച്ച സുജിത്തിനെ ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ച് അവശനാക്കിയത്. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ സുജിത് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഞായറാഴ്ച്ച വൈകീട്ട് 6 മണിയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഇരിങ്ങാലക്കുട ബസ്റ്റാന്റില്‍ ഓട്ടോ ഓടിക്കുന്ന സ്വാമി എന്ന് വിളിപ്പേരുള്ള മിഥുന്‍, സുജിത്തിന്റെ ഇളയച്ഛന്റെ മകളെ ശല്യം ചെയ്തിരുന്നു. ഇത് ചോദിക്കാന്‍ ചെന്ന സുജിത്തിനെ മിഥുന്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഓട്ടോറിക്ഷാപേട്ടയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മാരാകായുധം ഉപയോഗിച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ സുജിത്തിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്കും മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് സുജിത്തിന്റെ അന്ത്യം സംഭവിച്ചത്.

സുജിത്തിനെ മര്‍ദ്ധിച്ച ശേഷവും പ്രതി പെരുവല്ലി പാടത്തിന് സമീപത്ത് വെച്ച് ഇളയച്ഛനേയും മകളേയും ഓട്ടോറിക്ഷയില്‍ എത്തി തടഞ്ഞ് നിര്‍ത്തി ഭീഷണിപെടുത്തുകയും വെല്ലുവിളിച്ചതായും പറയുന്നു. സംഭവത്തില്‍ ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാറിന്റെയും സബ് ഇന്‍സ്‌പെക്ടര്‍ സുശാന്തിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്. വിദേശത്ത് ജോലി ചെയ്തിരുന്ന സുജിത്ത് നാട്ടിലെത്തിയ ശേഷം കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനര്‍ ആയി ജോലി നോക്കിവരികയായിരുന്നു.