ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ടാറ്റാ സ്റ്റീൽ കമ്പനിയിലെ തൊഴിലാളികളെ പിരിച്ചു വിടുന്നതിനെതിരെ യൂണിയനുകൾ സമരം പ്രഖ്യാപിച്ചു. പോർട്ട് ടാൽബോട്ട് സ്റ്റീൽ വർക്കിലെ തൊഴിലാളികളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത് നിലവിൽ 2800 പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.


85 ശതമാനം അംഗങ്ങളും വ്യവസായ നടപടിയെ പിന്തുണച്ചതായി യൂണിയൻ നേതാക്കൾ അറിയിച്ചു. സൗത്ത് വെയിൽസിലെ പോർട്ട് ടാൽബോട്ടിലെ ഉരുക്ക് ഫാക്ടറിയിൽ ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് ഇത്രയും പേർക്ക് തൊഴിൽ നഷ്ടമാകുന്നത്. നിലവിൽ യുണൈറ്റിലെ അംഗങ്ങൾ പണിമുടക്കിനായുള്ള അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തതിന്റെ ഫലമാണ് പുറത്തു വന്നത്. അതേസമയം ജി എം ബി വോട്ടെടുപ്പിൻ്റെ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


ടാറ്റാ സ്റ്റീലിന്റെ പോർട്ട് ടാൽബോട്ടിൽ ഉരുക്ക് നിർമ്മാണശാലയിൽ പ്രതിസന്ധി കനക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു . ആധുനികവത്കരണത്തിന്റെ ഭാഗമായി ഏകദേശം 3000 തൊഴിലാളികൾക്കാണ് ഇവിടെ ജോലി നഷ്ടമാകുന്നത്. ഇതിനെതിരെയാണ് ഇപ്പോൾ സമരവുമായി തൊഴിലാളികൾ രംഗത്ത് വന്നിരിക്കുന്നത് . ഈ വർഷം പോർട്ട് ടാൽബോട്ടിൽ ഇരുമ്പ് അയിരിൽ നിന്ന് സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്ന ചൂളകൾ നിർത്തലാക്കിയതും സ്ക്രാപ്പ് സ്റ്റീൽ ഉരുക്കുന്ന ഇലക്ട്രിക് ഫർണസുകൾ സ്‌ഥാപിച്ചതുമാണ് പ്രതിസന്ധിക്ക് കാരണമായത് .

എന്നാൽ തൊഴിലാളികൾ സമരവുമായി മുന്നോട്ടു പോകുന്നതിനോട് ടാറ്റാ സ്റ്റീൽ മാനേജ്മെൻറ് രൂക്ഷമായാണ് പ്രതികരിച്ചത്. സമരത്തിൽ തൊഴിലാളികൾ പങ്കെടുത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ തടസ്സം നേരിട്ടാൽ നിലവിൽ വാഗ്ദാനം ചെയ്തിരിക്കുന്ന വിരമിക്കൽ പാക്കേജിൽ നിന്ന് ടാറ്റാ സ്റ്റീൽ പുറകോട്ട് പോകുമെന്ന്‌ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രാജേഷ് നായർ പറഞ്ഞു.