യുകെയിൽ ആവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. കോവിഡ് മൂലം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ജനങ്ങൾക്ക് വില വർദ്ധനവ് ഇരട്ടടിയായി. ആവശ്യ സാധനങ്ങളുടെ വില വർദ്ധനവ് കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും കൂടിയ നിലയിലാണിപ്പോൾ. ജൂൺ വരെ രാജ്യത്തെ പണപ്പെരുപ്പ് നിരക്ക് 2.5 ആണ്. ഇതും മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണ്. 2.2 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്ന വിദഗ്ധരുടെ പ്രവചനങ്ങളെ തകിടംമറിച്ച് കുതിച്ചുയരുന്ന പണപ്പെരുപ്പ് നിരക്ക് എങ്ങനെ പിടിച്ച് നിർത്തുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധർ. വിലവർദ്ധനവും പണപ്പെരുപ്പ് നിരക്കും പിടിച്ചുനിർത്താൻ പലിശനിരക്ക് കൂട്ടണമെന്ന ആവശ്യം ശക്തമാണ്.

നിലവിലെ പണപ്പെരുപ്പ് നിരക്ക് “താൽക്കാലികം” ആണെന്നും 3 ശതമാനത്തിലെത്തിയ ശേഷം പിന്നോട്ട് പോകുമെന്നുമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻെറ മോണിറ്ററി പോളിസി കമ്മിറ്റിയുടെ വിലയിരുത്തൽ. എന്നാൽ സാമ്പത്തിക ശാസ്ത്രജ്ഞനായ ക്യാപിറ്റൽ ഇക്കണോമിക്സിലെ രൂത്ത് ഗ്രിഗറി ഉൾപ്പെടെയുള്ളവരുടെ അഭിപ്രായത്തിൽ ഈ വർഷാവസാനം പണപ്പെരുപ്പം 4 ശതമാനമായി ഉയരാനാണ്‌ സാധ്യത. ധനകാര്യ വകുപ്പിൻെറ ഭാഗത്തുനിന്നും കടുത്ത നടപടിയുണ്ടായില്ലെങ്കിൽ യുകെയെ കാത്തിരിക്കുന്നത് വൻവിലവർദ്ധനവിൻെറ നാളുകളാണ്.