എറണാകുളം എടവനക്കാട് ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസിലെ പ്രതി സജീവനെ (Sajeevan) ഒന്നരവർഷങ്ങൾക്കു ശേഷമാണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊലപാതകം തൻ്റെ മക്കളിൽ നിന്നുപോലും ഒളിച്ചുവയ്ക്കാൻ അസാമാന്യ മാനസിക നിലയോടെയാണ് സജീവൻ പ്രവർത്തിച്ചത്. ചോദ്യം ചെയ്യലിൻ്റെ ഒരു സമയത്തു പോലും യാതൊരുവിധ സൂചനകളും ഇതു സംബന്ധിച്ച് സജീവൻ പൊലീസിന് (Kerala Police) നൽകിയിരുന്നില്ല. മാസങ്ങളോളം സത്യം ചികഞ്ഞെടുക്കാൻ പൊലീസ് പടിച്ചപണി പതിനെട്ടും നോക്കിയിട്ടും പിടികൊടുക്കാതെ സജീവൻ പിടിച്ചു നിൽക്കുകയായിരുന്നു. പൊലീസിൻ്റെ ചോദ്യം ചെയ്യലിനെ നേരിടാനുള്ള മാനസികമായ തയ്യാറെടുപ്പുകൾ സജീവൻ നടത്തിയിരുന്നു എന്നു തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നതും.

ചോദ്യം ചെയ്യലിനിടയിൽ പൾസും ഹൃദയമിടിപ്പും പരിശോധിക്കുന്ന രീതിയേയും സജീവൻ തോൽപ്പിച്ചിരുന്നു. പൊലീസിൻ്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ സജീവൻ്റെ ഹൃദയമിടിപ്പിൽ യാതൊരു മാറ്റവും അനുഭവപ്പെട്ടിരുന്നില്ല. മാനസികപരമായ നീക്കങ്ങളിലൂടെ സജീവനിൽ നിന്ന് സത്യമറിയാനുള്ള പല നീക്കങ്ങളും പൊലീസിന് പാളിയിരുന്നു. ചോദിക്കുന്ന ചോദ്യങ്ങളോടും പറയുന്ന ഉത്തരങ്ങളോടും വലിയ ശ്രദ്ധപുലർത്തിക്കൊണ്ടായിരുന്നു സജീവൻ പൊലീസിനോട് സഹകരിച്ചത്. അതുകൊണ്ടു കൂടിയാണ് സജീവനിൽ നിന്നും സത്യമറിയാൻ ഇത്രയും കാലം പൊലീസിന് കാത്തിരിക്കേണ്ടി വന്നതും.

ചെയ്യുന്ന എന്തുകാര്യങ്ങൾക്കും ആവശ്യത്തിലധികം ശ്രദ്ധകൊടുക്കുന്ന വ്യക്തിയാണ് സജീവനെന്നാണ് റിപ്പോർട്ടുകൾ. മികച്ച ക്രിക്കറ്റ് താരം കൂടിയാണ് സജീവൻ. വെറ്ററൻ ക്രിക്കറ്റ് ലീഗിൽ ഒരോവറിൽ ആറ് സിക്സുകൾ അടിച്ച റിക്കോർഡും സജീവൻ്റെ പേരിലുണ്ട്. അത്രത്തോളം കളിക്കളത്തിൽ ശ്രദ്ധകൊടുക്കുന്ന വ്യക്തി കൂടിയായ പ്രതിയിൽ നിന്നും വിവരങ്ങളറിയാൻ അന്വേഷണ ഉദ്യോഗസ്ഥർ നന്നായി ബുദ്ധിമുട്ടിയിരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. രമ്യയെ സജീവൻ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയം പൊലീസിനുണ്ടായിരുന്നു. അതിൻ്റെ ഭാഗമായി പ്രതി പേടിക്കുമോ എന്നറിയാനുള്ള ശ്രമങ്ങളും പൊലീസ് നടത്തിയിരുന്നു. രാത്രിയിൽ സജീവനെ ഉറക്കത്തിൽ നിന്ന് ഫോണിലൂടെ വിളിച്ചുണർത്തി ചിലങ്കയുടെ ശബ്ദം കേൾപ്പിച്ചിരുന്നു. പ്രതി പേടിക്കുമോ എന്നറിയാനായിരുന്നു ഈ ശ്രമം. രമ്യയെ കൊലപ്പെടുത്തിയവതാണെങ്കിൽ സജീവൻ പേടിക്കുമെന്ന പ്രതീക്ഷ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നു. എന്നാൽ പേടിയുടെ യാതൊരു ലാഞ്ചനയും സജീവൻ എപ്രകടിപ്പിച്ചിരുന്നില്ലെന്നുള്ളതും അന്വേഷണ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തിയിരുന്നു.

രമ്യയെ കൊലപ്പെടുത്തിയതിൻ്റെ പിറ്റേദിവസം സജീവൻ അടുത്തുള്ള കടയിലെത്തി ചെറിയ സോപ്പ്, പൗഡർ, പേസ്റ്റ്, ടൂത്ത് ബ്രഷ്, ചെറിയൊരു കണ്ണാടി എന്നിവ വാങ്ങിയിരുന്നു. ഭാര്യ സംസ്ഥാനത്തിന് പുറത്തേക്ക് പോകുകയാണെന്ന് അറിയിക്കാനായിരുന്നു ഈ നീക്കം. രമ്യയുമായി മക്കൾക്ക് വളരെയേറെ മാനസിക അടുപ്പമുണ്ടായിരുന്നു. അത്തരത്തിൽ അടുപ്പമുണ്ടായിരുന്ന കുട്ടികളെ രമ്യയെ വെറുക്കുന്ന സാഹചര്യത്തിൽ കൊണ്ടെത്തിക്കുവാനും സജീവന് കഴിഞ്ഞു. അമ്മ മോശപ്പെട്ട ഒരു സ്ത്രീയായിരുന്നു എന്ന് മക്കളെ വിശ്വസിപ്പിക്കാൻ പല പദ്ധതികളും സജീവൻ പയറ്റിയിരുന്നു. ചെരിപ്പുകൾ വീടിനു മുന്നിൽ കൊണ്ടിട്ടും രാത്രിയിൽ ആരോ ഇറങ്ങിയോടിയെന്ന് ബഹളം വക്കുകയും സജീവൻ ചെയ്തിരുന്നു. അതിനുശേഷം രാത്രിയിൽ വീട്ടിലെത്തിയ ആൾ അമ്മയെ കാണാൻ വന്നതായിരിക്കുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ കൊലപാതകത്തിനു ശേഷം കുറ്റം മറയ്ക്കുവാൻ നിരവധി നീക്കങ്ങൾ സജീവൻ നടത്തിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം രമ്യ കൊലക്കേസിൽ സജീവനുമായി പൊലീസ് വീട്ടിലെത്തി തെളിവെടുത്തു. കുടുംബ വഴക്കിനിടെയാണ് ഭാര്യ രമ്യയെ കൊലപ്പെടുത്തിയതെന്ന് സജീവൻ പൊലീസിനോട് പറഞ്ഞു. ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും സജീവൻ വെളിപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് സജീവനുമായി പൊലീസ് തെളിവെടുപ്പിന് വീട്ടിലെത്തിയത്. വീടിന്റെ ടെറസിൽ വച്ച് രമ്യയെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയതെങ്ങനെയെന്ന് സജീവൻ പൊലീസിന് കാണിച്ചുകൊടുത്തു. കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി,​ കൊലപാതകത്തിന് ഉപയോഗിച്ച കയർ കത്തിച്ചു കളഞ്ഞു. രാത്രി വീട്ടുമുറ്റത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടുവെന്നും സജീവൻ വ്യക്തമാക്കി.

2021 ആഗസ്റ്റ് 16ന് രമ്യയുമായി വഴക്കുണ്ടായതിന് പിന്നാലെയായിരുന്നു കൊലപാതകം. രമ്യയെ കാണാതായ പരാതിയിൽ സജീവനെ സംശയിക്കാൻ ആദ്യം കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. രമ്യ കാമുകൻ്റെ കൂടെ പോയി എന്ന കഥ മെനഞ്ഞ് മക്കളെയടക്കം വിശ്വസിപ്പിച്ചു. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് സജീവൻ കുറ്റം സമ്മതിച്ചത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് സജീവൻ പറഞ്ഞു. ഇലന്തൂർ നരബലി കേസിന് ശേഷം സ്ത്രീകളെ കാണാതായ കേസുകളിൽ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിൻ്റെ ചുരുളഴിച്ചതെന്നുള്ളതാണ് മറ്റൊരു കൗതുകം.