വടക്കന്‍ നൈജീരിയന്‍ നഗരമായ കടുനയിലെ ഒരു കെട്ടിടത്തില്‍ നിന്നും മുന്നൂറിലധികം ബന്ദികളെ രക്ഷപ്പെടുത്തി. അവരില്‍ ഭൂരിഭാഗവും ചങ്ങലകളാല്‍ ബന്ധിതരാക്കിയ കുട്ടികളായിരുന്നു. സംഭവസ്ഥലത്ത് കണ്ട എല്ലാ കുട്ടികളും അഞ്ചു വയസ്സുമുതല്‍ കൗമാരപ്രായം പൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടികളായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിലരുടെ കണങ്കാലുകളിലാണ് ചങ്ങലയിട്ടിരുന്നത്. മറ്റുള്ളവരെ കാലുകളിലൂടെ ചങ്ങലയിട്ട് അത് വാഹനങ്ങളുടെ ചക്രത്തിന്റെ മധ്യഭാഗത്തു ഘടിപ്പിക്കുന്ന വൃത്താകൃതിയിലുള്ള ലോഹത്തകിടുമായി ബന്ധിപ്പിച്ച നിലയിലായിരുന്നു.

കെട്ടിടത്തില്‍ ഒരു ഇസ്ലാമിക് സ്‌കൂളുണ്ടെന്നും വ്യാഴാഴ്ച നടന്ന റെയ്ഡില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. കുട്ടികളെ അവിടെ ബന്ദികളാക്കിവച്ചിട്ട് എത്രനാളായി എന്നത് ഇനിയും വ്യക്തമല്ല. ‘സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെന്ന്’ കടുന പോലീസ് വക്താവ് യാകുബു സാബോ പറയുന്നു. രണ്ട് കുട്ടികളെ ബുര്‍കിന ഫാസോയില്‍ നിന്നുമാണ് കൊണ്ടുവന്നതെന്നും മറ്റുള്ളവരില്‍ ഭൂരിഭാഗം പേരെയും വടക്കന്‍ നൈജീരിയന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാതാപിതാക്കളാണ് കൊണ്ടുവന്നത്. അറസ്റ്റിലായവര്‍ സ്‌കൂളിലെ അധ്യാപകരാണെന്ന് സാബോ പറഞ്ഞു.

ബന്ദികളെ ഉപദ്രവിക്കുകയും പട്ടിണി കിടക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയയുടെ വടക്കുഭാഗത്ത് അല്‍മാജിരിസ് എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്‌കൂളുകള്‍ സാധാരണമാണ്. മിക്ക ആളുകളും ഒരു ദിവസം 2 ഡോളറില്‍ താഴെമാത്രം വരുമാനം ഉണ്ടാക്കുന്ന രാജ്യത്തെ ഏറ്റവും ദരിദ്രമായ ഭാഗമാണ് വടക്കന്‍ പ്രദേശങ്ങള്‍. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ പലപ്പോഴും കുട്ടികളെ സ്‌കൂളുകളില്‍ പാര്‍പ്പിച്ച് പഠിപ്പിക്കുകയാണ് പതിവ്.

കുട്ടികളെ കടുനയിലെ ഒരു സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റിട്ടുണ്ട്. പിന്നീട് നഗരപ്രാന്തത്തിലെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റും. അവരുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനകം ബന്ധപ്പെടാന്‍ കഴിഞ്ഞ ചില രക്ഷിതാക്കള്‍ കുട്ടികളെ തിരികെ കൊണ്ടുപോകുന്നതിനായി പുറപ്പെട്ടുകഴിഞ്ഞുവെന്ന് പോലീസ് പറയുന്നു. ‘കുട്ടികളെ ഒരു കാരാഗൃഹത്തിലേക്കാണ് അയക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു’ എന്നാണ് ഒരു രക്ഷകര്‍ത്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞത്.

നൈജീരിയയിലെ ഇസ്ലാമിക് സ്‌കൂളുകള്‍ക്കെതിരെ പാല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. വടക്കന്‍ നൈജീരിയന്‍ നഗരങ്ങളിലെ തെരുവുകളില്‍ ചില കുട്ടികളെ ഭിക്ഷാടനത്തിനുവരെ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.