മധ്യപ്രദേശിലെ ഷാജഹാൻപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പണം അടയ്ക്കാത്തതിനെ തുടർന്ന് വയോധികന്റെ കൈയ്യും കാലും ആശുപത്രി കിടക്കയിൽ കെട്ടിയിട്ട സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി. ആശുപത്രി ജില്ലാ ഭരണകൂടം അടപ്പിച്ചു. ആശുപത്രി മാനേജർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഷജാപുർ പോലീസ് സൂപ്രണ്ട് പങ്കജ് ശ്രീവാസ്തവ പറഞ്ഞു.

മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയ്ക്കടുത്ത് റണേഡ ഗ്രാമത്തിലെ ലക്ഷ്മിനാരായണ ഡാംഗി എന്നയാളെയാണ് കഴിഞ്ഞ ദിവസം പണം അടയ്ക്കാത്തതിന്റെ പേരിൽ ആശുപത്രി അധികൃതർ കിടക്കയോട് ചേർത്ത് കെട്ടിയിട്ടത്. 11000 രൂപയുടെ ബിൽ അടയ്ക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് വയോധികനെ കെട്ടിയിട്ടതെന്നാണ് മൊഴി. ഇയാളെ നാട്ടിലേക്ക് മകളോടൊപ്പം പറഞ്ഞയക്കാനും ആശുപത്രി അധികൃതർ വിസമ്മതിച്ചെന്നും പരാതി ഉയർന്നിരുന്നു.

സംഭവം വിവാദമായതോടെ, വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തുവന്നു. ‘ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ കാരണം അദ്ദേഹത്തിന് അപസ്മാരമുണ്ടായിരുന്നു. സ്വയം പരിക്കേൽപ്പിക്കാതിരിക്കാനാണ് ഞങ്ങൾ കെട്ടിയിട്ടത്,’ എന്നായിരുന്നു ആശുപത്രിയിലെ ഒരു ഡോക്ടർ അറിയിച്ചിരുന്നത്.

അതേസമയം, ആശുപത്രിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചിരുന്നു. ഇതോടെ, ഇത് വാസ്തവമല്ലെന്നും രോഗിയെ തുകയൊടുക്കാതെയാണ് ആശുപത്രിയിൽനിന്ന് വിട്ടയച്ചതെന്നുമായിരുന്നു ആശുപത്രി അധികൃതർ പ്രതികരിച്ചത്.