റ്റിജി തോമസ്
ആദ്യദിവസം മ്യൂസിയത്തിലൂടെയുള്ള യാത്രയിൽ ഇംഗ്ലണ്ടിലെ കൽക്കരി ഖനികളുടെ ചരിത്രം മനസ്സിലാക്കാൻ സാധിച്ചു. കൽക്കരി വ്യവസായത്തിന്റെ ആദ്യ കാലഘട്ടം തുടങ്ങി വ്യവസായത്തിന്റെ ആധുനികവത്കരണത്തിന്റെ പടിപടിയായുള്ള കടന്നുവരവിന്റെ നേർ ചിത്രങ്ങൾ നന്നായിത്തന്നെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.
രണ്ടാം ദിവസത്തെ സന്ദർശനം ഒരു യഥാർത്ഥ കൽക്കരി ഖനിയിലേയ്ക്കുള്ള യാത്രയായിരുന്നു. 150 മീറ്ററോളം തറനിരപ്പിൽ നിന്ന് താഴേയ്ക്കുള്ള യാത്ര. ഒരു പെരുച്ചാഴിയെപ്പോലെ ഭൂമിക്കടിയിലെ തുരങ്ക പാതയിലൂടെയുള്ള യാത്ര ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റുന്നതായിരുന്നില്ല. നേരത്തെ തന്നെ സുരക്ഷയ്ക്കായി ഹെൽമറ്റും ഖനിയുടെ ഇരുട്ടിൽ പ്രകാശത്തിനായി ടോർച്ചും കിട്ടിയിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മൊബൈൽ ഫോൺ ഖനിക്കുള്ളിലേയ്ക്ക് അനുവദനീയമായിരുന്നില്ല.
ഞങ്ങൾ നാലുപേർ മാത്രം. സന്ദർശകരായി ഞാനും ജോജിയും ഒരു ഇംഗ്ലീഷുകാരനും പിന്നെ ഗൈഡ് ആയ മൈക്കും മാത്രം . മൂന്നാമത്തെ ഇംഗ്ലീഷുകാരനായ സന്ദർശകനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം. ലോകത്തിലേയ്ക്ക് ഏറ്റവും പഴക്കമുള്ളതെന്ന് തോന്നിപ്പിക്കുന്ന ലിഫ്റ്റിൽ ഞങ്ങൾ പ്രവേശിച്ചു. 180 വർഷം പഴക്കമുള്ള 140 മീറ്ററിലധികം ഭൂ നിരപ്പിൽ നിന്ന് താഴ്ചയുള്ള കൽക്കരി ഖനിയിലേയ്ക്കാണ് നമ്മൾ പോകുന്നതെന്ന് ഗൈഡ് ആയി കൂടെ വരുന്ന മൈക്ക് പറഞ്ഞപ്പോൾ ഇതൊക്കെ ഞാൻ എത്ര കണ്ടിരിക്കുന്നു എന്ന ഭാവമായിരുന്നു എന്റെ മനസ്സിൽ.
ലിഫ്റ്റ് ചലിച്ചു തുടങ്ങി. പാതാളത്തിലേയ്ക്ക് ശരവേഗത്തിൽ പായുന്ന അവസ്ഥ. ലിഫ്റ്റിൻ്റെ ചക്രങ്ങളുടെ പേടിപ്പെടുത്തുന്ന ശബ്ദം.
ലിഫ്റ്റ് പാതാളത്തിലേയ്ക്ക് പാഞ്ഞു കൊണ്ടേയിരിക്കുന്നു. ഒരു ഘട്ടത്തിൽ ഒറ്റപ്പെടലിന്റെയും പുറംലോകത്ത് ഇനി ഒരിക്കലും എത്തില്ലെന്ന വേവലാതിയിലും എനിക്ക് ബോധം മറയുന്നത് പൊലെ തോന്നി.
ഞാൻ ജോജിയെയും കൂടെയുള്ള സഹയാത്രികനെയും നോക്കി ഒരുപക്ഷേ അവരുടെ ഉള്ളിലും സമാനമായ വികാരങ്ങൾ ഉണ്ടായിരുന്നിരിക്കാം…
Please Stop. I want to return back…..
ഞാൻ ഗൈഡിനോട് പറഞ്ഞു…
(തുടരും )
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
https://malayalamuk.com/uk-smrithikal-chapter-8-part-2/
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
Leave a Reply